
പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം ആദ്യമായി വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുന്ന ഓസ്ട്രേലിയയ്ക്ക് കാര്യങ്ങള്‍ കടുപ്പമാകുമെന്ന് അറിയിച്ച് ഗില്‍ക്രിസ്റ്റ്. ടീമിന്റെ അമരത്ത് പുതിയ കോച്ചും പുതിയ ക്യാപ്റ്റനുമാണ്. സ്മിത്തിനെ വിലക്കിയപ്പോള്‍ പകരം ദൗത്യം ടിം പെയിനിലേക്കും ഡാരെന്‍ ലേമാന് സ്വയം രാജിവെച്ച് പോയപ്പോള്‍ പകരം ജസ്റ്റിന് ലാംഗര്‍ കോച്ചായി എത്തുകയും ചെയ്തു. ഡേവിഡ് വാര്‍ണറുടെയും സ്റ്റീവന്‍ സ്മിത്തിന്റെയും അഭാവം മാത്രമല്ല ദക്ഷിണാഫ്രിക്കയില്‍ സംഭവിച്ചത് ടീമിനെ മാനസികമായും അലട്ടുന്നുണ്ടാവുമെന്ന് ഗില്ലി പറഞ്ഞു. ഇംഗ്ലണ്ട് പരമ്പര ടീമിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടമാണ്. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുവാനുള്ള ആദ്യ പടിയാണിത് എന്നാല്‍ കാര്യങ്ങള്‍ കടുപ്പമായിരിക്കും.
വിലക്കേറ്റുവാങ്ങിയ താരങ്ങള്‍ക്ക് പുറമേ പരിക്കുകളും ഒട്ടനവധി മുഖ്യധാര താരങ്ങളെ ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് പുറത്ത് പോകാന്‍ ഇടയാക്കിയിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രം.
ജൂണ്‍ 13നു കെന്നിംഗ്ടണ്‍ ഓവലിലാണ് പരമ്പരയിലെ ആദ്യ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial