ഗെയില്‍ കരുത്തില്‍ കിരീടം നേടി രംഗ്പൂര്‍ റൈഡേഴ്സ്

ക്രിസ് ഗെയിലിന്റെ ക്യാച്ച് കൈവിട്ട ധാക്ക ഡൈനാമൈറ്റ്സ് നായകന്‍ ഷാകിബ് അല്‍ ഹസന്‍ വിട്ടു കളഞ്ഞത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കിരീടം തന്നെയായിരുന്നു. രംഗ്പൂരിന്റെ 206 റണ്‍സ് പിന്തുടര്‍ന്ന ധാക്ക ഡൈനാമൈറ്റ്സ് 149 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 57 റണ്‍സിന്റെ വിജയത്തോടെ രംഗ്പൂര്‍ റൈഡേഴ്സ് തങ്ങളുടെ കിരീടം സ്വന്തമാക്കുകയും ചെയ്തു.

തന്റെ വ്യക്തിഗത സ്കോര്‍ 22ല്‍ നില്‍ക്കെയാണ് ഷാകിബിനു ഗെയില്‍ ക്യാച്ച് നല്‍കിയത്. കിട്ടിയ അവസരം മുതലാക്കി ഗെയില്‍ ബാറ്റ് വീശിയപ്പോള്‍ കടപുഴകിയത് ഒട്ടനവധി റെക്കോര്‍ഡുകളായിരുന്നു. 69 പന്തില്‍ 146 റണ്‍സ് നേടിയ ഗെയിലിനൊപ്പം ബ്രണ്ടന്‍ മക്കല്ലവും കൂടിയപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ രംഗ്പൂര്‍ 206 റണ്‍സ് നേടി. മക്കല്ലം 51 റണ്‍സാണ് നേടിയത്.

https://twitter.com/RangpurRiders_/status/940575784724393984

മറുപടി ബാറ്റിംഗിനിറങ്ങിയ ധാക്ക ഡൈനാമൈറ്റ്സിനു വേണ്ടി ജഹ്റുല്‍ ഇസ്ലാം(50) തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ മറ്റൊരു താരങ്ങള്‍ക്കും ഫോം കണ്ടെത്താനായില്ല. ഷാകിബ് 26 റണ്‍സ് നേടി പുറത്തായി. ഷൊഹാഗ് ഗാസി, നസ്മുള്‍ ഇസ്ലാം, ഇസുറു ഉഡാന എന്നിവര്‍ രംഗ്പൂരിനു വേണ്ടി രണ്ട് വീതം വിക്കറ്റ് വീഴ്ത്തി ധാക്ക ബാറ്റിംഗിനു കടിഞ്ഞാണിടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial