ബംഗ്ലാദേശിന്റെ കണ്‍സള്‍ട്ടന്റായി ഗാരി കിര്‍സ്റ്റെന്‍, ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

- Advertisement -

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ കണ്‍സള്‍ട്ടന്റ് റോളിലേക്ക് ഗാരി കിര്‍സ്റ്റെനേ പരിഗണിക്കുന്നു. ബോര്‍ഡ് വൃത്തങ്ങള്‍ പുറത്ത് വിട്ട സൂചന പ്രകാരം ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ ആണ് ഇന്നലെ ഈ വാര്‍ത്ത പുറത്ത് വിട്ടത്. ചന്ദിക ഹതുരുസിംഗ കോച്ചിംഗ് ദൗത്യം മതിയാക്കി പോയതോടെ ബംഗ്ലാദേശ് പുതിയ പരിശീലകനെ തേടുകയാണ്. ഗാരി കിര്‍സ്റ്റെന്‍ ബിഗ് ബാഷിന്റെ തിരക്കിലായതിനാല്‍ ബോര്‍ഡ് അദ്ദേഹത്തെ കോച്ചെന്ന നിലയില്‍ പരിഗണിക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിന്റെ ഹെഡ് കോച്ചായി നിലകൊള്ളുന്ന ഗാരി അടുത്ത ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കോച്ചിംഗ് സ്ഥാനത്തേക്ക് എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.

അതിനാല്‍ ഗാരി കിര്‍സ്റ്റെന്റേ സേവനം കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ഉപയോഗിക്കുവാനുള്ള ശ്രമത്തിലാണ് ബിസിബി. ഈ ലീഗുകളില്‍ പങ്കെടുക്കുവാന്‍ ബോര്‍ഡ് അനുമതി നല്‍കുകയാണെങ്കില്‍ ഗാരി ബംഗ്ലാദേശ് കോച്ചായി എത്തുവാന്‍ സന്നദ്ധനായിരുന്നുവെങ്കിലും രാജ്യത്തിന്റെ മുഖ്യ കോച്ച് മറ്റു ലീഗുകളില്‍ പങ്കെടുക്കുന്നത് അനുവദനീയമല്ലാത്തതിനാലാണ് കണ്‍സള്‍ട്ടന്റ് എന്ന ആശയവുമായി ബോര്‍ഡ് മുന്നോട്ട് പോകുന്നതെന്ന് നസ്മുള്‍ അറിയിച്ചു.

ബംഗ്ലാദേശ് ക്രിക്കറ്റിന്റെ മൊത്തത്തിലുള്ള മികവിനായി ആവും ഗാരി കിര്‍സ്റ്റനെ കണ്‍സള്‍ട്ടന്റ് റോളിനായി പരിഗണിക്കുക. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനം അനുകൂലമായത് തന്നെ ഉടനെ ഉണ്ടാകുമെന്നുമാണ് കരുതപ്പെടുന്നത്. വിവിധ കോച്ചുകളെ കണ്ടെത്തുക എന്നതാവും ഗാരിയുടെ മുഖ്യവും പ്രഥമവുമായ ചുമതല എന്നാണ് ടീമുകള്‍ക്ക് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement