രാജ്യാന്തര താരങ്ങള്‍ക്ക് ശമ്പള വര്‍ദ്ധന, ആഭ്യന്തര താരങ്ങള്‍ക്ക് കുടിശ്ശിക വരുത്തി ബിസിസിഐ

- Advertisement -

ഇന്ത്യന്‍ താരങ്ങളുടെ ശമ്പള വര്‍ദ്ധനവിനു സിഒഎ അംഗീകാരം നല്‍കിയ വാര്‍ത്തകള്‍ക്കിടയിലും പല രഞ്ജി താരങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷത്തെ പണം കുടിശ്ശികയായി കിടക്കുന്നു. 2016-17 സീസണിലെ പണമാണ് ഇനിയും പല ഫസ്റ്റ് ക്ലാസ് താരങ്ങള്‍ക്കും ലഭിക്കാനുള്ളതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം പറയപ്പെടുന്നത്. ഒഡീഷ, ആസം, ത്രിപുര, ഹൈദ്രാബാദ് തുടങ്ങിയ സംസ്ഥാനങ്ങളിലെ താരങ്ങള്‍ക്കാണ് കുടിശ്ശികയുള്ളതെന്ന് റിപ്പോര്‍ട്ട് സ്ഥിതീകരിക്കുന്നു.

ചില സംസ്ഥാനങ്ങള്‍ക്ക് ഒരു ടൂര്‍ണ്ണമെന്റിന്റെയും പൈസ ലഭിച്ചിട്ടില്ലാത്തപ്പോള്‍ മറ്റു ചില അസോസ്സിയേഷനുകള്‍ക്ക് രഞ്ജി മാച്ച് ഫീസ് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ലോകത്തെ തന്നെ ഏറ്റവും സമ്പത്തുള്ള കായിക അസോസ്സിയേഷനായ ബിസിസിഐയില്‍ നിന്നാണ് ഇത്തരം നടപടി വരുന്നതെന്നുള്ളതാണ് ഏറെ ആശ്ചര്യജനകം. രഞ്ജി, വിജയ് ഹസാരെ, സയ്യദ് മുഷ്താഖ് അലി ട്രോഫി എന്നീ ടൂര്‍ണ്ണമെന്റുകള്‍ക്കുള്ള മാച്ച് ഫീ ബിസിസിഐ നല്‍കുമ്പോള്‍ താരങ്ങളുടെ ദിന ബത്ത അതാത് അസോസ്സിയേഷനുകളാണ് നല്‍കേണ്ടത്. ഒരു താരത്തിനു ഒരുു രഞ്ജി മത്സരത്തിനു രൂപ 40,000 ലഭിക്കുമ്പോള്‍, വിജയ് ഹസാരെ ട്രോഫി മത്സരങ്ങള്‍ക്ക് രൂപ 10,000 ആണ് ലഭിക്കുക. ടി20 ടൂര്‍ണ്ണമെന്റായ സയ്യദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിനു രൂപ 5000 ആണ് പ്രതിഫലമായി ലഭിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement