പരിക്ക്, ഫിന്‍ ആഷസിനു ഇല്ല, പകരം ടോം കുറന്‍

- Advertisement -

സ്റ്റീവന്‍ ഫിന്നിന്റെ ആഷസ് മോഹങ്ങള്‍ക്ക് തിരിച്ചടി. പെര്‍ത്തില്‍ കഴിഞ്ഞാഴ്ച നെറ്റ്സ് പരിശീലനത്തിനിടെയേറ്റ പരിക്ക് ഭേദമാകാത്തതാണ് താരത്തെ നാട്ടിലേക്ക് മടക്കി അയയ്ക്കാന്‍ ഇംഗ്ലണ്ട് മെഡിക്കല്‍ ടീം തീരുമാനിച്ചത്. ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ ശേഷം ശസ്ത്രക്രിയയുടെ തീയ്യതി തീരുമാനിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഫിന്‍ ആദ്യം പ്രഖ്യാപിച്ച ആഷസ് സ്ക്വാഡില്‍ സ്ഥാനം പിടിച്ചിരുന്നില്ല. എന്നാല്‍ ബെന്‍ സ്റ്റോക്സ് ബ്രിസ്റ്റോളിലെ സംഘട്ടനത്തില്‍ ഉള്‍പ്പെട്ടത്തിനാല്‍ പരമ്പരയുടെ ആദ്യ ഘട്ടത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തിലാണ് ഫിന്‍ തിരികെ ടീമില്‍ എത്തിയത്. സ്റ്റോക്സിനെതിരെ കുറ്റം ചാര്‍ത്തപ്പെട്ടിട്ടില്ലെങ്കിലും പോലീസ് അന്വേഷണവും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടികളും നടക്കുന്നതിനാല്‍ അവ പൂര്‍ത്തിയാകുന്നത് വരെ സ്റ്റോക്സിനോട് ടീമിനൊപ്പം ചേരേണ്ട എന്നറിയിക്കുകയായിരുന്നു.

ലിയാം പ്ലങ്കറ്റ്, മാര്‍ക്ക് വുഡ് എന്നിവര്‍ക്ക് നറുക്ക് വീഴുമെന്ന് കരുതിയെങ്കിലും സറേയുടെ ടോം കുറനെയാണ് സ്റ്റീവന്‍ ഫിന്നിന്റെ പകരക്കാരനായി ആഷസ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. ഇംഗ്ലണ്ടിനായി ഏകദിന, ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ടോം കുറന്‍ ടെസ്റ്റില്‍ ഇതുവരെ മത്സരിക്കാനിറങ്ങിയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement