
ഇന്ത്യയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സാണ് നേടിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് പരിക്ക് കാരണം വിട്ട് നിന്ന് ആരോണ്‍ ഫിഞ്ചിന്റെ ശതകമാണ് ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ പ്രധാന സവിശേഷത്. ഓസ്ട്രേലിയന്‍ ടോപ് ഓര്‍ഡര്‍ നല്കിയ തുടക്കം മധ്യനിരയ്ക്ക് തുടരാനാകാതെ പോയപ്പോള്‍ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 293 റണ്‍സില്‍ അവസാനിച്ചു.
കരുതലോടെയെങ്കിലും പരമ്പരയിലെതന്നെ മികച്ച തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് വാര്‍ണര്‍-ഫിഞ്ച് സഖ്യം നല്‍കിയത്. ആദ്യ വിക്കറ്റില്‍ 70 റണ്‍സാണ് ഇരുവരും തമ്മില്‍ നേടിയത്. ഡേവിഡ് വാര്‍ണറെ(42) പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് തകര്‍ത്തത്. ആദ്യ വിക്കറ്റിനു ശേഷം ക്രീസിലെത്തിയ സ്മിത്ത് ഫിഞ്ചിനോടൊപ്പം ചേര്‍ന്ന് ഓസ്ട്രേലിയയെ വീണ്ടും ശക്തമായ നിലയിലേക്ക് നയിച്ചു. 154 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ ഫിഞ്ച് (124) കുല്‍ദീപ് യാദവിനു വിക്കറ്റ് നല്കി മടങ്ങുമ്പോള്‍ ഓസ്ട്രേലിയ 37.5 ഓവറില്‍ 224 എന്ന ശക്തമായ നിലയിലായിരുന്നു.
125 പന്തില്‍ നിന്ന് 12 ബൗണ്ടറിയും 5 സിക്സും അടങ്ങിയതായിരുന്നു ഫിഞ്ചിന്റെ ഇന്നിംഗ്സ്. എന്നാല്‍ ഫിഞ്ച് പുറത്തായ ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. സ്മിത്തിനെ(63) കുല്‍ദീപ് പുറത്താക്കിയപ്പോള്‍ മാക്സ്വെല്, ട്രാവിസ് ഹെഡ് എന്നിവരെ യഥാക്രമം ചഹാല്‍, ബുംറ എന്നിവര്‍ പുറത്താക്കി.
അവസാന ഓവറുകളില്‍ ക്രീസില്‍ നിലയുറപ്പിച്ച മാര്‍ക്കസ് സ്റ്റോയിനിസ് (27*) ആണ് ഓസ്ട്രേലിയയുടെ സ്കോര്‍ 293 ല്‍ എത്തിക്കുവാന്‍ സഹായിച്ചത്. ആഷ്ടണ്‍ അഗര്‍ 9 റണ്‍സുമായി പുറത്താകാതെ നിന്നു. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് നേടിയെങ്കിലും ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാരുടെ പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നു. 10 ഓവറില്‍ 75 റണ്‍സാണ് കുല്‍ദീപ് വിട്ടുകൊടുത്തത്. ബുംറ(2), ചഹാല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് മറ്റു വിക്കറ്റ് വേട്ടക്കാര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial