ദക്ഷിണാഫ്രിക്കയ്ക്കെതിരെ തിളങ്ങി ഫിഞ്ചും സ്മിത്തും, അവസാനം അടിച്ച് തകര്‍ത്ത് ആഷ്ടണ്‍ അഗര്‍, ഓസ്ട്രേലിയയ്ക്ക് 196 റണ്‍സ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടി20യില്‍ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ഇന്ന് ജോഹാന്നസ്ബര്‍ഗില്‍ ടോസ് നേടി ഓസ്ട്രേലിയയെ ബാറ്റിംഗിനയയ്ച്ച ദക്ഷിണാഫ്രിക്ക രണ്ടാം പന്തില്‍ തന്നെ സ്റ്റെയിനിലൂടെ ഡേവിഡ് വാര്‍ണറെ മടക്കിയയ്ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ സ്മിത്തിനൊപ്പം ആരോണ്‍ ഫിഞ്ച് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തച്ച് തകര്‍ത്തപ്പോള്‍ 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയത്.

27 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ ഫിഞ്ചിനെയും 45 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തിനെയും തബ്രൈസ് ഷംസി പുറത്താക്കിയ ശേഷം 117/4 എന്ന നിലയില്‍ 12 ഓവറില്‍ എത്തിയ ഓസ്ട്രേലിയയെ അലെക്സ് കാറെ-മിച്ചല്‍ മാര്‍ഷ് കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. 27 റണ്‍സ് നേടിയ കാറെയുടെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടമാകുമ്പോള്‍ അഞ്ചാം വിക്കറ്റില്‍ കൂട്ടുകെട്ട് 50 റണ്‍സ് തികച്ചിരുന്നു.

അവസാന ഓവറില്‍ ആഷ്ടണ്‍ അഗര്‍ ആളിക്കത്തിയപ്പോള്‍ ഓസ്ട്രേലിയ 196/6 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. 9 പന്തില്‍ നിന്ന് 20 റണ്‍സാണ് അഗറിന്റെ സംഭാവന. റബാഡ എറിഞ്ഞ അവസാന ഓവറില്‍ നിന്ന് 18 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസിയും ഡെയില്‍ സ്റ്റെയിനും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version