രണ്ടാം ഏകദിനം കൈവിട്ടത്തിനു പിന്നില്‍ ഫീല്‍ഡിംഗും അവസാന ഓവറുകളിലെ ബാറ്റിംഗും: മൊര്‍തസ

ബംഗ്ലാദേശിന്റെ രണ്ടാം ഏകദിനത്തിലെ തോല്‍വിയുടെ കാരണങ്ങള്‍ വ്യക്തമാക്കി ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. കൈവിട്ട ക്യാച്ചുകളും അവസാന ഓവറുകളിലെ ബാറ്റിംഗുമാണ് ടീമിനെ പിന്നോട്ടടിച്ചതെന്നാണ് മൊര്‍തസയുടെ അഭിപ്രായം. നാട്ടില്‍ നടന്ന അഞ്ച് മത്സരങ്ങളിലെ ആദ്യ തോല്‍വിയാണ് ടീമിനു ഇന്നലെ നേരിടേണ്ടി വന്നത്. ജയത്തോടെ വിന്‍ഡീസ് പരമ്പരയിലെ വിജയ സാധ്യതകള്‍ സജീവമാക്കി നിര്‍ത്തിയിട്ടുണ്ട്. 146 റണ്‍സ് നേടിയ ഷായി ഹോപിന്റെ മികവിലാണ് വിന്‍ഡീസ് പരമ്പരയില്‍ 1-1നു ഒപ്പമെത്തിയത്.

15-20 റണ്ണുകള്‍ കുറവാണ് ടീം നേടിയത്. 300നടുത്തുള്ള സ്കോറാണ് ബംഗ്ലാദേശ് നേടേണ്ടിയിരുന്നത്. എന്നാല്‍ മഹമ്മദുള്ള പുറത്തായത് ടീമിനു തിരിച്ചടിയായി. മത്സരത്തില്‍ മൂന്നോളം ക്യാച്ചുകളാണ് ബംഗ്ലാദേശ് കൈവിട്ടത്. ഇതില്‍ ഏഴാം വിക്കറ്റില്‍ ഷായി ഹോപുമായി ചേര്‍ന്ന് 71 റണ്‍സ് നേടിയ കീമോ പോളിന്റെ രണ്ട് അവസരങ്ങളും ഉള്‍പ്പെടുന്നു.

പോള്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വിന്‍ഡീസ് 2 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ പിഴവുകള്‍ അടുത്ത മത്സരത്തില്‍ ഒഴിവാക്കേണ്ടതാണെന്നും ബംഗ്ലാദേശ് നായകന്‍ പറഞ്ഞു.

Exit mobile version