
നമ്മൾ തീർച്ചയായും ഭാഗ്യവാന്മാരാണു, ക്രിക്കറ്റ് കണ്ട ഇതിഹാസങ്ങളിലൊരാളുടെ ഉദയം മുതൽ ഇന്നത്തെ ഉച്ചിയിലുള്ള ജ്വലനം വരെ നഗ്നനേത്രങ്ങൾ കൊണ്ട് ദർശ്ശിക്കുന്നവരാണു. 90 കളിലെ സച്ചിന്റെ കളി കാണാനാവാത്തതിന്റെ നഷ്ടബോധം കനലായി മനസ്സിൽ നീറുമ്പോഴും ആ അഗ്നിയിലേക്ക് പെയ്യുന്ന ഒരു ചെറു കുളിർമ്മഴയാണു വിരാടിന്റെ കളി കാണുന്നത്. വിരാടിന്റെ ആദ്യ മാച്ച് മുതൽ ഇന്നലത്തെ കളി വരെ എനിക്ക് കാണാനായിട്ടുണ്ട്, ചില അയാളുടെ മികച്ച് ഇന്നിംഗ്സുകൾ പല കാരണത്താൽ കാണാനാവാത്തതിൽ നഷ്ടബോധവുമുണ്ട്.
ഒരു സാധാരണ ക്രിക്കറ്റ് കളിക്കാരനിൽ നിന്ന് ഇതിഹാസങ്ങൾക്ക് മാത്രം അവകാശപ്പെട്ട വെള്ളി വെളിച്ചത്തിലേക്ക് വിരാട് ഉയർന്നത് കണ്ണഞ്ചമ്പിപ്പിക്കുന്ന വേഗത്തിലാണു. ഓരൊ ഇന്നിംഗ്സുകൾ കഴിയും തോറും മാറ്റ് വർദ്ധിക്കുന്ന ഒരു പ്രതിഭയാണു വിരാട്. അക്ഷരാർത്ഥത്തിൽ അയാൾ ഒരു പുതുമയായിരുന്നു, കരിയറിന്റെ തുടക്കത്തിൽ തന്റെ മനോഭാവത്തിന്റെ പേരിൽ ഏറെ പഴി കേക്കേണ്ടി വന്നിട്ടുണ്ട്, അഹങ്കാരിയെന്ന് പലരും മുദ്രകുത്തി, സ്വന്തം രാജ്യത്തെ കാണികൾ പോലും കൂകിയിട്ടുണ്ട് വിരാടിനെതിരെ. എന്നാൽ അതെല്ലാം ഇന്നു പഴംകഥയാണു, ഏറെ പക്വതയാർജ്ജിച്ചെങ്കിലും വിരാടിന്റെ ആക്രമണോൽസുകത നിറഞ്ഞ ആ സമീപനത്തിനു വലിയ മാറ്റമൊന്നും വന്നിട്ടില്ല, പലരും അത്ഭുതത്തോടെയാണിത് കാണുന്നത് ഇത്തരം മനോഭാവവുമായി വന്ന പലർക്കും അകാലത്തിൽ കളം വിടേണ്ടി വന്നിട്ടുണ്ട്, എന്നാൽ വിരാട് വാഴുകയാണു, എല്ലാവരും വാഴ്ത്തുകയാണു, എതിരാളികൾ അയാളുടെ മനോഭാവത്തെ ഭയക്കുകയാണു, പണ്ട് കൂകിയ നാട്ടുകാർ ഇന്നയാളുടെ നേത്ര ഗോളത്തിന്റെ ചലനങ്ങൾക്ക് പോലും ആരവങ്ങളുയേർത്തുകയാണു.
സമർദ്ദഘട്ടങ്ങളെ കൈകാര്യം ചെയ്യുന്നതിനു ക്ഷമയാണു ഏറ്റവും മികച്ച ആയുധമെന്ന കാലാകാലങ്ങളായി അംഗീകരിച്ച പോന്ന സങ്കൽപ്പം വിരാടിന്റെ കുതിപ്പിൽ ചിന്നി ചിതറുകയാണു. സമർദ്ദത്തെ അയാൾ നേരിടുന്നത് തീർച്ചയായും ക്ഷമയോടെയല്ലാ, അടങ്ങാത്ത ആർത്തിയോടെയാണു കടന്നാക്രമണങ്ങളിലൂടെയാണു. ഈയിടെ രാഹൂൽ ദ്രാവിഡ് വീരാട്ടിന്റെ മനോഭാവത്തിൽ നിന്നയാൾ നേടുന്ന വിജയങ്ങളെ പ്രശംസിക്കുന്നതിനോടൊപ്പം ആ സമീപനം കളിച്ച് വളരുന്ന കുട്ടികളിലേക്ക് പടർന്നാലുള്ള ഭവുഷ്യത്തിനെക്കുറിച്ച് വ്യാകുലപ്പെടുകയുണ്ടായി, എന്നാൽ തീർച്ചയായും ദ്രാവിഡിനോട് വിയോജിക്കേണ്ടി വരും, ഇന്നലെ കളിച്ച ശ്രേയസ്സ് അയ്യറിലടക്കം വിരാടിന്റെ സമീപനത്തിന്റെ പ്രതിഫലനം കാണാനുണ്ടായിരുന്നു. ഏറെക്കാലം ശാന്തനായി മാത്രം കണ്ടിരുന്ന ഭുവിയുടെ മനോഭാവത്തിൽ പെട്ടെന്നുള്ള മാറ്റം വിരാടിൽ നിന്ന് പകർന്നതാവാനെ വഴിയൊള്ളൂ, വിരാടിനെ പോലെ കാര്യങ്ങളെ സമീപിക്കാൻ തനിക്കും ആയെങ്കിൽ എന്ന് എറെ ശാന്തനായ രഹാനെ പോലും കൊതിക്കുന്നു എന്ന വെളിപ്പെടുത്തൾ നമ്മൾ കേട്ടതാണു.
പോണ്ടിംഗിലും, ഇൻസമാമിലും ഗാംഗുലിയിലും കണ്ടിരുന്ന സമീപനം തന്നെയാണു വിരാട് എന്ന നായകനിലും നമുക്ക് കാണാനാവുന്നത്. വിരാട് വിജയങ്ങൾ തുടരെ വെട്ടിപ്പിടിക്കുമ്പോൾ നമ്മുടെ സമീപനങ്ങളെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ മാറ്റേണ്ട സമയമായിരിക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. ഇന്ന് വിരാടിന് 29 വയസ്സ് തികയുകയാണു, അപ്പോഴേക്കും അയാൾ ഇതിഹാസമായിരിക്കുന്നു എന്നത് അത്ഭുതം തന്നെയാണു. സച്ചിൻ ക്രിക്കറ്റിന്റെ ദൈവമാണെങ്കിൽ, വിരാട് ക്രിക്കറ്റിലെ ചെകുത്താനാണു, സകല യാഥാസ്ഥിക സങ്കൽപ്പങ്ങളും തച്ചുടച്ച് ആ ചെകുത്താൻ കുതിക്കുകയാണു, ചിലപ്പോൾ ദൈവത്തിനു പോലും എത്തി പിടിക്കാനാവാത്ത ഉയരങ്ങളിലേക്ക്.
പിറന്നാൾ ആശംസകൾ വിരാട്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial