
ക്യാപ്റ്റന്‍ ഫാഫ് ഡ്യു പ്ലെസിയുടെ ചെറുത്ത് നില്പിന്റെ ഫലമായി ദക്ഷിണാഫ്രിക്ക ഡുണേഡെന് ടെസ്റ്റില്‍ പൊരുതുന്നു. നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 224/6 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 191 റണ്‍സാണ് നേടിയിരിക്കുന്നത്. അവസാന ദിവസത്തിലേക്ക് മത്സരം കടക്കുമ്പോള്‍ മൂന്ന് സാധ്യതകളും നില നില്ക്കുന്നു എന്നത് തന്നെയാണ് ആദ്യ ടെസ്റ്റിന്റെ പ്രത്യേകത. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഫാഫ് 56 റണ്‍സുമായി ക്രീസിലുള്ളപ്പോള്‍ കൂട്ടായെത്തിയ വെറോണ്‍ ഫിലാന്‍ഡര്‍ 1 റണ്‍സാണ് എടുത്തിട്ടുള്ളത്. വെളിച്ചക്കുറവ് മൂലം നാലാം ദിവസത്തെ കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.
38/1 എന്ന നിലയില്‍ നാലാം ദിവസം പുനരാരംഭിച്ച ആതിഥേയര്‍ക്ക് ഒരു റണ്‍സ് കൂടി സ്കോര്‍ ബോര്‍ഡിനോടു ചേര്‍ക്കുന്നതിനിടയില്‍ അംലയെ(24) നഷ്ടമായി. ഡുമിനിയോടു ചേര്‍ന്ന് ഡീന്‍ എല്‍ഗാര്‍ തന്റെ ബാറ്റിംഗ് മികവ് തുടര്‍ന്നപ്പോള്‍ 74 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും നേടിയത്. 39 റണ്‍സ് നേടി ഡുമിനി പുറത്തായെങ്കിലും നായകന് ഡ്യുപ്ലെസിയോടു ചേര്‍ന്ന് എല്‍ഗാര്‍ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയും 80 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് നേടുകയും ചെയ്തു. എന്നാല്‍ 89 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാര്‍ പുറത്തായതോടു കൂടി ദക്ഷിണാഫ്രിക്ക തകരുന്ന കാഴ്ചയാണ് ഡുണേഡെനില് കാണാനായത്.
193/3 എന്ന നിലയില്‍ നിന്ന് ദക്ഷിണാഫ്രിക്ക 218/6 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക ഏതാനും ഓവറുകള്‍ക്കിടയില്‍ തകരുകയായിരുന്നു. ന്യൂസിലാണ്ടിനു വേണ്ടി നീല്‍ വാഗ്നര്‍, ജീതന്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും ട്രെന്റ് ബൗള്‍ട്ട്, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.