എവിന്‍ ലൂയിസിന്റെ ശതകം വിഫലം, ശ്രീലങ്കയ്ക്ക് ആവേശകരമായ വിജയം

- Advertisement -

അവസാന പന്ത് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 1 റണ്‍സ് വിജയം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് വെസ്റ്റിന്‍ഡീസ് അവസാന ഓവറില്‍ വിജയം കൈവിടുന്നത്. ഇതിനു മുമ്പ് സിംബാബ്‍വെയുമായി നടന്ന മത്സരം ടൈയില്‍ അവസാനിച്ചിരുന്നു. ശ്രീലങ്ക ഉയര്‍ത്തിയ 331 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ എവിന്‍ ലൂയിസ് 148 റണ്‍സുമായി വിജയത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും 41ാം ഓവറില്‍ ലൂയിസ് റണ്‍ ഔട്ടായത് വെസ്റ്റിന്‍ഡീസ് റണ്‍ ചേസിനു തിരിച്ചടിയായി. ടോസ് ലഭിച്ച വെസ്റ്റിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

കുശല്‍ പെരേരയെ മൂന്നാം ഓവറില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ധനന്‍ജയ ഡിസില്‍വയും നിരോഷന്‍ ഡിക്വെല്ലയും ചേര്‍ന്ന് ശ്രീലങ്കയ്ക്ക് മികച്ച അടിത്തറ നല്‍കുകയായിരുന്നു. 105 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്തത് ഡിസില്‍വയുടെ(58) വിക്കറ്റ് നേടിയ ക്രെയിഗ് ബ്രൈത്‍വൈറ്റായിരുന്നു. എന്നാല്‍ അടുത്തതായി വന്ന കുശല്‍ മെന്‍ഡിസ് കൂടുതല്‍ ആക്രമണകാരിയായാണ് ബാറ്റ് വീശിയത്. 94 റണ്‍സ് വീതം നേടിയാണ് ഡിക്വെല്ലയും കുശല്‍ മെന്‍ഡിസും അവര്‍ക്കര്‍ഹമായ സെഞ്ച്വറിക്ക് 6 റണ്‍സ് അകലെ പുറത്താകുകയായിരുന്നു. കുറഞ്ഞ പന്തുകളില്‍ ഉപുല്‍ തരംഗയും (26) സചിത് പതിരാനയും(24) റണ്‍സ് സ്കോര്‍ ചെയ്തപ്പോള്‍ ശ്രീലങ്ക 300 കടന്നു. നിശ്ചിത 50 ഓവറുകളില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 330 റണ്‍സ് നേടുകയായിരുന്നു.

331 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിനു ലൂയിസും ജോണ്‍സണ്‍ ചാള്‍സും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ സുരേന്ദ്ര ലക്മല്‍ ടീം സ്കോര്‍ 63ല്‍ വെച്ച് ചാള്‍സിനെ (26) പുറത്താക്കുകയായിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന ക്രെയ്ഗ് ബ്രൈത്‍വൈറ്റ് എന്നാല്‍ റണ്‍സ് നേടുന്നതിനു പ്രയാസപ്പെടുന്ന കാഴ്ചയാണ് കണ്ടത്. അസേല ഗുണരത്നേ പുറത്താക്കിയപ്പോള്‍ ക്രെയിഗ് 33 പന്തില്‍ 16 റണ്‍സ് മാത്രമാണ് നേടിയത്. ഷായി ഹോപും ജോനാഥന്‍ കാര്‍ടറും റണ്‍ഔട്ട് ആയപ്പോള്‍ 175/2 എന്ന നിലയില്‍ നിന്ന് കരീബിയന്‍ സംഘം 198/4 എന്ന നിലയിലേക്ക് പതിഞ്ഞു. പേശിവലിവ് ബുദ്ധിമുട്ടിച്ചുവെങ്കിലും മികച്ച രീതിയില്‍ ബാറ്റ് വീശിയ ലൂയിസ് തന്റെ ശതകം തികച്ചു മുന്നേറുന്നതിനിടയിലാണ് റണ്‍ ഔട്ടായി പവലിയനിലേക്ക് മടങ്ങിയത്.

ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും കാര്‍ലോസ് ബ്രൈത്‍വൈറ്റും ചേര്‍ന്ന് റണ്‍ ചേസിംഗ് തുടര്‍ന്നെങ്കിലും 47ാം ഓവറില്‍ കാര്‍ലോസ് ബ്രൈത്‍വൈറ്റിനെ പുറത്താക്കി കുലശേഖര ശ്രീലങ്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു. അവസാന രണ്ട് ഓവറുകളില്‍ വെസ്റ്റിന്‍ഡീസിനു ജയിക്കാന്‍ മൂന്ന് വിക്കറ്റ് വേണ്ടിയിരുന്നത് 22 റണ്‍സായിരുന്നു. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് ശേഷിക്കേ 10 റണ്‍സ് വേണ്ടിയിരുന്ന വെസ്റ്റിന്‍ഡീസിനു വേണ്ടി മൂന്നാം പന്ത് സിക്സര്‍ അടിച്ച് സുലൈമാന്‍ ബെന്‍ ലക്ഷ്യം 3 പന്തില്‍ 3 എന്നാക്കി. എന്നാല്‍ അഞ്ചാം പന്തില്‍ ബെന്നിനെ പുറത്താക്കി നുവാന്‍ പ്രദീപ് മത്സരം കൂടുതല്‍ ആവേശകരമാക്കി. അവസാന പന്തില്‍ മൂന്ന് റണ്‍സ് വേണ്ടിയിരുന്ന വെസ്റ്റിന്‍ഡീസിനു ഒരു റണ്‍സ് മാത്രമാണ് നേടാനായത്. 46 പന്തില്‍ 45 റണ്‍സ് നേടിയ ജേസണ്‍ ഹോള്‍ഡര്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു.

73 പന്തില്‍ 94 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസ് ആണ് മാന്‍ ഓഫ് ദി മാച്ച്.

Advertisement