വെസ്റ്റിന്‍ഡീസിനെ വിജയത്തിലേക്ക് പിടിച്ചുയര്‍ത്തി എവിന്‍ ലൂയിസ്

- Advertisement -

ഇന്ത്യ ഉയര്‍ത്തിയ 190 റണ്‍സിനെ അനായാസം നേടി വെസ്റ്റ് ഇന്‍ഡീസ്. ക്രിസ് ഗെയില്‍ മടങ്ങിവരവില്‍ കാര്യമായ പ്രഭാവം ഉണ്ടാക്കാതെ പോയ മത്സരത്തില്‍ എവിന്‍ ലൂയിസ് ആണ് ബൗളര്‍മാരെ തച്ചു തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയത്. 24 പന്തിലാണ് താരം തന്റെ അര്‍ദ്ധ ശതകം തികച്ചത്. രണ്ട് തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ ലൂയിസിനെ കൈവിട്ടത്. തനിക്ക് ലഭിച്ച അവസരം മുതലാക്കി വെറും 53 പന്തില്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയ ലൂയിസ് ഒറ്റയ്ക്ക് തന്നെ ഇന്ത്യയുടെ കഥ കഴിയ്ക്കുകയായിരുന്നു. ഇന്ത്യയ്ക്കെതിരെ ടി20യില്‍ തന്റെ രണ്ടാം ശതകമാണ് എവിന്‍ ഇന്ന് സ്വന്തമാക്കിയത്.

ലൂയിസിനു മികച്ച പിന്തുണയുമായി മര്‍ലന്‍ സാമുവല്‍സും എത്തിയപ്പോള്‍ 9 പന്തുകള്‍ ബാക്കി നില്‍ക്കെ വെസ്റ്റിന്‍ഡീസ് വിജയം സ്വന്തമാക്കി. 12 സിക്സറുകളുടെയും 6 ബൗണ്ടറിയുടെയും സഹായത്തോടെ 62 പന്തില്‍ 125 റണ്‍സാണ് എവിന്‍ ലൂയിസ് നേടിയത്. മര്‍ലന്‍ സാമുവല്‍സ് 29 പന്തില്‍ 35 റണ്‍സും നേടി. ഇരുവരും തമ്മിലുള്ള 112 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കരീബിയന്‍ പടയ്ക്ക് 9 വിക്കറ്റ് വിജയം നല്‍കുകയായിരുന്നു.

ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനു അയയ്ക്കുയായിരുന്നു. ശിഖര്‍ ധവാനോടൊപ്പം വിരാട് കോഹ്‍ലിയാണ് ഓപ്പണര്‍ റോളില്‍ എത്തിയത്. ഇരുവരും ചേര്‍ന്ന് പവര്‍ പ്ലേയില്‍ തന്നെ ഇന്ത്യയുടെ സ്കോര്‍ 50 കടത്തി. 5.3 ഓവറില്‍ സ്കോര്‍ 64ല്‍ എത്തിനില്‍ക്കെ ഇന്ത്യയ്ക്ക് നായകന്‍ കോഹ്‍ലിയെ നഷ്ടമായി. 22 പന്തില്‍ 39 റണ്‍സ് നേടിയ കോഹ്‍ലിയെ കെസ്രിക് വില്യംസ് ആണ് പുറത്താക്കിയത്. അതേ ഓവറില്‍ തന്നെ ശിഖര്‍ ധവാനും റണ്‍ഔട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ ഇന്ത്യയുടെ നില പരുങ്ങലിലായി. 12 പന്തില്‍ 23 റണ്‍സ് നേടിയ ശിഖര്‍ തന്റെ ഫോം തുടരുകയായിരുന്നു.

ഋഷഭ് പന്തും ദിനേശ് കാര്‍ത്തികും ഇന്ത്യയുടെ ബാറ്റിംഗ് ചുമതല ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. പന്ത് മെല്ല തുടങ്ങിയപ്പോള്‍ കാര്‍ത്തികായിരുന്നു കൂടുതല്‍ അപകടകാരി. 15.4 ഓവറില്‍ സ്കോര്‍ 151ല്‍ നില്‍ക്കെ ഇന്ത്യയ്ക്ക് കാര്‍ത്തികിനെ നഷ്ടമായി. 29 പന്തില്‍ 3 സിക്സറുകളുടെ സഹായത്തോടെ 48 റണ്‍സാണ് കാര്‍ത്തിക് നേടിയത്. സാമുവല്‍സിനാണ് വിക്കറ്റ്. ധോണിയെയും പന്തിനെയും(35) ഒരേ ഓവറില്‍ പുറത്താക്കി ജെറോം ടെയ്‍ലര്‍ ഇന്ത്യയുടെ സ്കോറിംഗിനെ ചെറുത്തപ്പോള്‍ അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ – രവിചന്ദ്രന്‍ അശ്വിന്‍ കൂട്ടുകെട്ട് പുറത്താകാതെ നേടിയ 26 റണ്‍സ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്കോര്‍ 190 ലേക്ക് എത്തിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനായി ജെറോം ടെയ്‍ലര്‍, കെസ്രിക് വില്യംസ് രണ്ട് വിക്കറ്റും മര്‍ലന്‍ സാമുവല്‍സ് ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement