എവിന്‍ ലൂയിസിന്റെ കൂറ്റന്‍ ഇന്നിംഗ്സ്, പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്

പാക്കിസ്ഥാനെതിരെ മൂന്നാം ടി20 മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. എവിന്‍ ലൂയിസ് നേടിയ 91 റണ്‍സാണ് മത്സരം കരീബിയന്‍ പടയ്ക്ക് അനുകൂലമാക്കിയത്. ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. കമ്രാന്‍ അക്മല്‍(48), ബാബര്‍ അസം(43) എന്നിവര്‍ക്ക് മാത്രമാണ് പാക് നിരയില്‍ തിളങ്ങാനായത്. സാമുവല്‍ ബദ്രി രണ്ട് വിക്കറ്റും കെസ്രിക് വില്യംസ്, കാര്‍ലോസ് ബ്രാത്‍വൈറ്റ്, സുനില്‍ നരൈന്‍, മര്‍ലന്‍ സാമുവല്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 14.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. 51 പന്തില്‍ 91 റണ്‍സ് നേടിയ എവിന്‍ ലൂയിസിന്റെ ഇന്നിംഗ്സാണ് മത്സരത്തിലെ പ്രധാന ഹൈലൈറ്റ്. 14.4 ഓവറില്‍ ഷദബ് ഖാനു വിക്കറ്റ് നല്‍കി എവിന്‍ മടങ്ങുമ്പോള്‍ കരീബിയന്‍ പടയ്ക്ക് ലക്ഷ്യം നാല് റണ്‍സ് അകലെയായിരുന്നു. 9 സിക്സറുകളും 6 ബൗണ്ടറിയും അടങ്ങിയ ഇന്നിംഗ്സായിരുന്നു എവിന്‍ ലൂയിസിന്റെ. ചാഡ്വിക് വാള്‍ട്ടണ്‍, മര്‍ലന്‍ സാമുവല്‍സ് എന്നിവരായിരുന്നു പുറത്തായ മറ്റഉ ബാറ്റ്സ്മാന്മാര്‍. ജേസണ്‍ മുഹമ്മദ് 17 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ലെന്‍ഡല്‍ സിമ്മണ്‍സ് ആണ് വിജയ ബൗണ്ടറി സ്കോര്‍ ചെയ്തത്.

Previous articleമെസ്സിക്ക് സസ്‌പെൻഷൻ, കിരീടത്തിലേക്ക് അടുക്കാൻ ബാഴ്‌സ
Next articleരണ്ടാം ജയം സ്വന്തമാക്കി ഫ്ലൈടെക്സ്റ്റ്