2003 വേൾഡ് കപ്പിലെ 30ാം മത്സരം ഡര്‍ബനിലെ ലെ കിംഗ്സ്മെയിഡ് സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. സച്ചിൻ തെണ്ടുൽകർ, രാഹുൽ ദ്രാവിഡ്‌ എന്നിവരുടെ അർദ്ധ സെഞ്ച്വറി യുടെ പിൻബലത്തിൽ ഇന്ത്യ ഉയർത്തിയ 251 റൺസ് പിന്തുടരാൻ ഇറങ്ങുന്ന ഇംഗ്ലണ്ട്. പ്രബലമായ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ സംബന്ധിച്ച് അത്രകണ്ട് വെല്ലുവിളിയൊന്നും അല്ലാതിരുന്ന സ്കോർ. അവർ അത് അനായാസേന തന്നെ മറികടന്നേക്കും എന്ന് ഡർബനിൽ തടിച്ച് കൂടിയ ഇംഗ്ലണ്ട് ആരാധകർ കണക്ക് കൂട്ടി.

എന്നാൽ മൈതാനമധ്യേ ഇംഗ്ലണ്ടിനെ കാത്തിരുന്നത് ഒരു വൻ ദുരന്തമായിരുന്നു. മൈക്കൽ വോണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ പ്രബലമായ ഇംഗ്ലണ്ട് ബാറ്റിങ് നിര ഒന്നടങ്കം ഒരു ഇടം കൈയ്യന്റെ പന്തുകൾക്ക് മുന്നിൽ വട്ടം കറങ്ങി . വോണിനൊപ്പം നാസിർ ഹുസൈൻ, അലക്സ് സ്റ്റെവാർട്ട്, പോൾ കോളിംങ്വുഡ് തുടങ്ങിയ പ്രബലരെല്ലാം തന്നെ ആ ഇടം കൈയ്യന്റെ പന്തുകൾക്ക് മറുപടി പറയാനാകാത്തെ ഒന്നിന് പുറകെ ഒന്നായി കൃത്യമായി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയെത്തി കൊണ്ടിരുന്നു. ഓരോരുത്തരെ തിരിച്ചയക്കുമ്പോഴും മുഴുവൻ പല്ലുകളും പുറത്ത് കാണിച്ച് കൊണ്ടുള്ള തന്റെ സ്വതസിദ്ധമായ നിറഞ്ഞ പുഞ്ചിരിയോടെ കൂടി തന്റെ ഇരു കൈയ്‍കളും വിടർത്തി ഒരു എയ്റോപ്ലെയ്ൻ മാതൃകയിൽ അയാൾ തന്റെ സഹതാരങ്ങൾക്കിടയിലൂടെ ഊളിയിട്ടു കൊണ്ടിരുന്നു, . . പിന്നീടിങ്ങോട്ട് ഒന്നര പതിറ്റാണ്ടോളം കാലം അതേ ഒരു പുഞ്ചിരി തന്നെ കളിക്കളത്തിൽ തന്റെ ട്രേഡ്മാർക്കായി കാത്തു സൂക്ഷിച്ച ആശിഷ് ദിവാൻസിങ് നെഹ്റ എന്ന ആശിഷ് നെഹ്റ ആയിരുന്നു ആ ബൗളർ.

ഒരു പക്ഷെ ഇക്കാലമത്രയും നാം ആരാധിച്ച് പോന്ന മഹാരഥന്മാരുടെ പട്ടികയിൽ നിന്ന് ആശിഷ് നെഹ്റ എന്ന ക്രിക്കറ്റർ മാറ്റി നിർത്തപ്പെട്ടേക്കാം, എന്നിരുന്നാലും 1999ൽ മുഹമ്മദ് അസ്ഹറുദീന് കീഴിൽ അരങ്ങേറ്റം കുറിക്കപ്പെട്ടതിന് ശേഷം നീണ്ട 18 വർഷങ്ങൾക്കിടയിൽ പിന്നീട് എത്രയോ തവണ നമ്മൾ ആ സെലിബ്രഷനും അതേ പുഞ്ചിരിയും ആസ്വദിച്ചിരിക്കുന്നു. അസ്ഹറുദീൻ തുടങ്ങി ഗാംഗുലി, ദ്രാവിഡ്, ധോനി ഇപ്പോൾ വിരാട് കോഹ്ലി വരെ ഇത്രയും ക്യാപ്റ്റന്മാർക്ക് കീഴിൽ നീണ്ട 18 വർഷങ്ങൾ തുടർച്ചയായിട്ടല്ലെങ്കില്‍ പോലും കളിച്ച് തീർക്കുക എന്ന ഒരു ഫാസ്റ്റ് ബൗളറുടെ നേട്ടത്തെ എങ്ങനെയാണ് വില കുറച്ച് കാണുവാൻ കഴിയുക.

ക്രിക്കറ്റ് ലോകത്ത് അയാളൊരു പോരാളി തന്നെയായിരുന്നു ഇത്രയും കാലം അയാൾ പട പൊരുതിയത് എതിർ ടീം ബാറ്റ്സ്മാൻമാരോട് മാത്രമായിരുന്നില്ല തന്റെ തന്നെ ശരീരത്തോടും വിടാതെ പിന്തുടരുന്ന പരിക്കുകളോടും കൂടി ആയിരുന്നു, പക്ഷെ ഓരോ തവണ പരിക്കേറ്റ് പിന്മാറുമ്പോഴും പൂർവ്വാധികം ശക്തിയോടെ തന്നെ അദ്ദേഹം തിരിച്ചു വന്നു കൊണ്ടിരുന്നു.

2005 സിംബാബ്ബേ പര്യടനത്തിന് മധ്യേ പരിക്ക് പരിക്കിലൂടെ മാത്രം നെഹ്റക്ക് നഷ്ടമായത് 4 വർഷങ്ങൾ. പിന്നീട് 2009 വെസ്റ്റിൻഡീസ് ടൂറിലേക്കുള്ള ടീമിലേക്കാണ് നെഹ്റയെ ടീം തിരിച്ച് വിളിക്കുന്നത് ആ സീസണിൽ 31 വിക്കറ്റുകളും തൊട്ടടുത്ത വർഷത്തെ സീസണിൽ 28 വിക്കറ്റുകളുമടക്കം തിളങ്ങിയ നെഹ്റയെ തേടി 2011 വേൾഡ് കപ്പ് സ്ക്വാഡിലേക്കുള്ള ക്ഷണവുമെത്തി. എന്നാൽ സെമി ഫൈനലിൽ പാക്കിസ്ഥാനെതിരെ 2-33 എന്ന മാച്ച് വിന്നിംഗ് സ്പെല്ല് എറിഞ്ഞു തീർക്കാനായെങ്കിലും അതേ മത്സരത്തിൽ തന്നെ മിസ്ബാ ഉൾ ഹഖിനെ പുറത്താക്കാനുള്ള ഒരു ക്യാച്ച് ശ്രമത്തിനിടെ വിരലിന് പരിക്കേറ്റതോടെ ഫൈനൽ നഷ്ടമാവുകയും ചെയ്തു. ആ ഒരു വേൾഡ് കപ്പോടുകൂടി നെഹ്റ യുഗം അവസാനിച്ചു എന്നു തന്നെ എല്ലാവരും കരുതി.

 

എന്നാൽ അയാളിലെ പോരാളി അപ്പോഴും തോൽവി സമ്മതിച്ചിരുന്നില്ല, 2015 ലെ IPL സീസണിലെ മിന്നുന്ന പ്രകടനത്തോടെ നെഹ്റ വീണ്ടും തിരിച്ച് വന്നു ആ ഒരു സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 22 വിക്കറ്റുകളാണ് ഈ ഇടം കൈയ്യന്റെ പന്തുകൾ കൊയ്തെടുത്തത്. തുടർന്ന് നടന്ന ആസ്ട്രേലിയൻ ടൂറിലും, ഏഷ്യ കപ്പിലും, 2016 T20 വേൾഡ് കപ്പിലും നെഹ്റ തന്റെ മിന്നുന്ന ഫോം തുടർന്നു.

ഇക്കഴിഞ്ഞ ജനുവരിയിൽ ഇംഗ്ലണ്ടിനെതിരായാണ് നെഹ്റ തന്റെ അവസാന ലിമിറ്റഡ് ഓവർ മാച്ച് കളിച്ചത് പിന്നീട് ഇപ്പോൾ 8 മാസത്തിന്റെ ഇടവേളയിലാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ആസ്ട്രേലിയക്കെതിരായ T20 സ്ക്വാഡിലേക്ക് വിളി എത്തുന്നത്. അതും ഈ 38 ആം വയസ്സിൽ പല ‘പ്രമുഖ യുവതാരങ്ങൾ’ പോലും പരാജയപ്പെട്ട ഫിറ്റ്നസ്സ് ടെസ്റ്റ് പാസ്സായി കൊണ്ട്.

പരിക്കുകളോടുള്ള പോരാട്ടത്തിനിടെ ഏതാണ്ട് 10 വർഷങ്ങൾക്ക് മുൻപ് തന്നെ ടെസ്റ്റ് കുപ്പായം ഊരി വച്ച നെഹ്റ തുടർന്നിങ്ങോട്ട് ഇത്ര കാലവും തന്റെ അടങ്ങാത്ത ഇച്ഛാശക്തി കൊണ്ട് തന്നെയാണ് കളി കളത്തിൽ പിടിച്ച് നിന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹം പൂർണമായി കീഴടങ്ങുവാനുള്ള തീരുമാനം എടുത്തിരിക്കുകയാണ് നവംബർ 1ന് തന്റെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്ലയിൽ വച്ച് നടക്കുന്ന ന്യൂസിലന്റിനെതിരായ T20 മൽസരത്തിന് ശേഷം അദ്ദേഹം IPL അടക്കം എല്ലാ ആഭ്യന്തര ,അന്താരാഷ്ട്ര ക്രിക്കറ്റ് കളങ്ങളിൽ നിന്നും പിന്മാറുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് ഏതാനും IPL ഫ്രാഞ്ചസികൾ ബൗളിംഗ് കോച്ച്/ ബൗളിംങ് മെന്റർ എന്ന നിലക്ക് അദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിവ്.

എന്തൊക്കെയായാലും വിക്കറ്റ് നേടിയാലും, സിക്സർ വഴങ്ങേണ്ടി വന്നാലും, ഫീൽഡർ ക്യാച്ച് കൈവിട്ടാലും മുഴുവൻ പല്ലുകളും പുറത്ത് കാണിച്ചു കൊണ്ടുള്ള ഒരേ നിസംഗഭാവത്തിലുള്ള ആ ഒരു ട്രേഡ്മാർക്ക് ചിരി ഉണ്ടല്ലോ അതൊരിക്കലും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ നിന്ന് മാഞ്ഞ് പോകാൻ ഇടയില്ല, അതു കൊണ്ട് തന്നെയാവും വിരമിക്കലിന് ശേഷം പിറന്നേക്കാവുന്ന അദ്ദേഹത്തിന്റെ ഓട്ടോബയോഗ്രഫിക്ക് ‘My experiments with tooth’  എന്ന പേര് ഒരു ആരാധകൻ ട്വിറ്ററിലൂടെ നിർദ്ദേശിച്ചതും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...