ഗോള്‍ ടെസ്റ്റില്‍ പിടിമുറുക്കി ഇംഗ്ലണ്ട്, ശ്രീലങ്ക 203 റണ്‍സിനു പുറത്ത്

ഗോള്‍ ടെസ്റ്റില്‍ മികച്ച ലീഡ് കരസ്ഥമാക്കി ഇംഗ്ലണ്ട്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 203 റണ്‍സിനു അവസാനിപ്പിച്ച് 139 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കരസ്ഥമാക്കിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 38 റണ്‍സ് നേടിയിട്ടുണ്ട്. മത്സരത്തില്‍ 177 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനു ഇപ്പോള്‍ ഉള്ളത്. കീറ്റണ്‍ ജെന്നിംഗ്സ് 26 റണ്‍സും റോറി ബേണ്‍സ് 11 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് നേടിയ അര്‍ദ്ധ ശതകം മാത്രമാണ് ആതിഥേയരുടെ നിരയിലെ ശ്രദ്ധേയമായ പ്രകടനം. 52 റണ്‍സ് നേടിയ താരത്തിന്റെയും ദിനേശ് ചന്ദിമലിന്റെയും(33), നിരോഷന്‍ ഡിക്ക്വെല്ലയുടെയും(28) വാലറ്റത്തിന്റെ ചെറുത്ത് നില്പുമാണ് ശ്രീലങ്കയെ 200 കടക്കുവാന്‍ സഹായിച്ചത്.

40/4 എന്ന നിലയില്‍ നിന്ന് ശ്രീലങ്കയെ കരകയറ്റുമെന്ന് തോന്നിപ്പിച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനു അടിത്തറ പാകിയ മാത്യൂസും-ചന്ദിമലും ചേര്‍ന്ന് 75 റണ്‍സാണ് വിക്കറ്റില്‍ നേടിയത്. എന്നാല്‍ ആദില്‍ റഷീദ് ചന്ദിമലിനെ പുറത്താക്കിയ ശേഷം മറ്റു താരങ്ങള്‍ക്കൊപ്പം മാത്യൂസ് പൊരുതിയെങ്കിലും ഇംഗ്ലണ്ട് ബൗളിംഗിനെ അതിജീവിക്കുവാന്‍ ശ്രീലങ്കയ്ക്കായില്ല.

മോയിന്‍ അലി നാല് വിക്കറ്റ് നേടിയപ്പോള്‍ ജാക്ക് ലീഷും ആദില്‍ റഷീദും രണ്ട് വീതം വിക്കറ്റ് നേടി. സാം കറന്‍, ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Exit mobile version