
അഞ്ചാം ഏകദിനത്തില്‍ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇതോടെ 3-2 നു പരമ്പരയും ഇംഗ്ലണ്ട് സ്വന്തമാക്കി. ന്യൂസിലാണ്ടിനെ ബാറ്റിംഗിനയയച്ച ശേഷം അവരെ 223 റണ്‍സിനു പുറത്താക്കി ലക്ഷ്യം 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയ ഇംഗ്ലണ്ടിന്റെ ആധികാരിക പ്രകടനമാണ് ഇന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ കാണാനായത്. 32.4 ഓവറിലാണ് ഇംഗ്ലണ്ടിന്റെ വിജയം. ജോണി ബൈര്‍സ്റ്റോ 60 പന്തില്‍ 104 റണ്‍സ് നേടി ഹിറ്റ് വിക്കറ്റായാണ് പുറത്തായത്. 9 ബൗണ്ടറിയും 6 സിക്സുമാണ് താരം തന്റെ ഇന്നിംഗ്സില്‍ നേടിയത്. അലക്സ് ഹെയില്‍ 61 റണ്‍സ് നേടി. ഇംഗ്ലണ്ടിനെ ജോ റൂട്ട്(23*)-ബെന്‍ സ്റ്റോക്സ്(26*) കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനെ ക്രിസ് വോക്സ്, ആദില്‍ റഷീദ് എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ട് 223 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. ടോം കുറന് രണ്ട് വിക്കറ്റും നേടി. ആദ്യ ഓവറില്‍ കോളിന് മണ്‍റോ പൂജ്യത്തിനു പുറത്തായ ശേഷം കൃത്യമായ ഇടവേളകളില്‍ ന്യൂസിലാണ്ടിനു വിക്കറ്റുകള്‍ നഷ്ടമായി. 67 റണ്‍സ് നേടിയ മിച്ചല്‍ സാന്റന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഹെന്റി നിക്കോളസ്(55), മാര്ട്ടിന് ഗുപ്ടില്‍(47) എന്നിവരും പൊരുതി നോക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial