ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെ തകര്‍ത്ത് ഇംഗ്ലണ്ടിനു മികച്ച ജയം

- Advertisement -

ആഷസ് പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെ ഇംഗ്ലണ്ടിനു തകര്‍പ്പന്‍ ജയം. 192 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. രണ്ടാം ഇന്നിംഗ്സില്‍ 268 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ക്രിക്കറ്റ് ഓസ്ട്രേലിയ ടീം 75 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ക്രിസ് വോക്സ് നാല് വിക്കറ്റും, ജെയിംസ് ആന്‍ഡേഴ്സണ്‍, ക്രെയിഗ് ഓവേര്‍ട്ടണ്‍ എന്നിവര്‍ മൂന്നും വിക്കറ്റ് വീഴ്ത്തിയാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പതനം ഉറപ്പാക്കിയത്.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 293 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. മാര്‍ക്ക് സ്റ്റോണ്‍മാന്‍(61), ജോ റൂട്ട്(58), ദാവീദ് മലന്‍(63) എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ഓസ്ട്രേലിയന്‍ ബോര്‍ഡ് ടീമിനു വേണ്ടി ഡാനിയേല്‍ ഫാലിന്‍സ് അഞ്ചും ജാക്സണ്‍ കോള്‍മാന്‍ മൂന്നും വിക്കറ്റ് നേടി. ഗുരീന്ദര്‍ സന്ധു 2 വിക്കറ്റിനു ഉടമയായി.

ഓസ്ട്രേലിയ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 233/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. നായകന്‍ ടിം പെയിന്‍ (52), മാത്യൂ ഷോര്‍ട്ട്(45), സൈമണ്‍ മിലെങ്കോ(50) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്. മേസണ്‍ ക്രെന്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡേഴ്സണ്‍ , വോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സിലും മാര്‍ക്ക് സ്റ്റോണ്‍മാന്‍ അര്‍ദ്ധ ശതകം നേടി. 51 റണ്‍സ് സ്റ്റോണ്‍മാന്‍ നേടിയപ്പോള്‍ ജോണി ബാരിസ്റ്റോ 61 റണ്‍സുമായി ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ ആയി. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 207 റണ്‍സിനു ഓള്‍ഔട്ടായി. സൈമണ്‍ മിലെങ്കോ 5 വിക്കറ്റ് കൊയ്തു. പക്ഷേ 268 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന്‍ വെറും 75 റണ്‍സിനു ഓള്‍ഔട്ട് ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement