കന്നി അര്‍ദ്ധ ശതകവുമായി മാര്‍ക്ക് സ്റ്റോണ്‍മാന്‍

ലീഡ്സിലെ ലീഡ് തിരിച്ചുപിടിച്ച് ഇംഗ്ലണ്ട്. രണ്ടാം ദിവസം വെസ്റ്റിന്‍ഡീസിനു 71 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 2 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സില്‍ വെസ്റ്റിന്‍ഡീസ് 427 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ നേടിയ 169 റണ്‍സ് ലീഡാണ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് തിരിച്ചു പിടിച്ചത്. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 171/3 എന്ന നിലയിലാണ്. ജോ റൂട്ട്(45*), ദാവീദ് മലന്‍(21*) എന്നിവരാണ് ക്രീസില്‍.

നേരത്തെ 329/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ്റിന്‍ഡീസിനു 98 റണ്‍സ് കൂടി മാത്രമേ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് സ്കോറിനോട് ചേര്‍ക്കാനായുള്ളു. റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടയില്‍ 147 റണ്‍സ് നേടിയ ഷായി ഹോപ്പിനെ ആദ്യം സന്ദര്‍ശകര്‍ക്ക് നഷ്ടമായി. ജെയിംസ് ആന്‍ഡേഴ്സണിനാണ് വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ ഷെയിന്‍ ഡോവ്റിച്ചിനെയും ആന്‍ഡേഴ്സണ്‍ മടക്കിയയച്ചു.

പിന്നീട് ജേസണ്‍ ഹോള്‍ഡറുമായി(43) ജെര്‍മൈന്‍ ബ്ലാക്ക്‍വുഡ് നേടിയ 75 റണ്‍സ് കൂട്ടുകെട്ടാണ് കരീബിയന്‍ സ്കോര്‍ 400 കടത്തിയത്. ഇരുവരെയും അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായ സന്ദര്‍ശകരുടെ ആദ്യ ഇന്നിംഗ്സ് 427 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍ അഞ്ചും ബെന്‍ സ്റ്റോക്സ് രണ്ടും വിക്കറ്റ് നേടി.

മാര്‍ക്ക് സ്റ്റോണ്‍മാന്‍ നേടിയ കന്നി അര്‍ദ്ധ ശതകമാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിന്റെ സവിശേഷത. അലിസ്റ്റര്‍ കുക്ക്(23), സ്റ്റോണ്‍മാന്‍(52), ടോം വെസ്റ്റ‍്‍ലി(8) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. 94/3 എന്ന നിലയില്‍ നിന്ന് 77 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് റൂട്ട് – മലന്‍ സഖ്യം നേടിയിട്ടുള്ളത്. ജേസണ്‍ ഹോള്‍ഡര്‍ രണ്ടും, ഷാനണ്‍ ഗബ്രിയേല്‍ ഒരു വിക്കറ്റും വെസ്റ്റിന്‍ഡീസിനായി വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവെംബ്ലിയിലെ കഷ്ടകാലം തുടരുന്നു, സ്പർസിന് സമനില
Next articleബെലോറ്റിയുടെ അത്ഭുത ഗോളിൽ ടൊറീനോ വിജയ പാതയിൽ