വിശാഖപട്ടണത്ത് ഇന്ത്യയുടെ ആധിപത്യം, ഫോളോ ഓണ്‍ ഭീഷണിയില്‍ ഇംഗ്ലണ്ട്

- Advertisement -

അര്‍ദ്ധ സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെ ചെറുത്ത് നില്പ് ഒഴിച്ചു നിര്‍ത്തിയാല്‍ വൈസാഗ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് സ്വന്തം. 455 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും ഇംഗ്ലണ്ടിനെ 103/5 എന്ന നിലയിലേക്കെറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

317/4 എന്ന നിലയില്‍ ആദ്യ ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് വിരാട് കോഹ്‍ലിയെയാണ്(167) ആദ്യം നഷ്ടമായത്. സാഹയെയും രവീന്ദ്ര ജഡേജയെയും നഷ്ടപ്പെട്ട ഇന്ത്യ ആദ്യ ദിവസത്തെ മുന്‍തൂക്കം നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. അശ്വിനും അരങ്ങേറ്റക്കാരന്‍ ജയന്ത് യാദവും 8ാം വിക്കറ്റിനു ഒത്തുചേര്‍ന്നപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 363/7 എന്ന നിലയിലായിരുന്നു. എന്നാല്‍ 64 റണ്‍സ് കൂട്ടുകെട്ടാണ് അശ്വിന്‍ ജയന്തിനൊപ്പം പടുത്തുയര്‍ത്തിയത്. ഇതിനിടെ അശ്വിന്‍ (58) പരമ്പരയിലെ തന്റെ രണ്ടാം അര്‍ദ്ധ ശതകം തികച്ചു. ഇന്ത്യ 455 റണ്‍സിനു പുറത്താകുമ്പോള്‍ 35 റണ്‍സ് ആയിരുന്നു ജയന്ത് യാദവിന്റെ സംഭാവന. ഇംഗ്ലണ്ടിനു വേണ്ടി മോയിന്‍ അലിയും ജെയിംസ് ആന്‍ഡേഴ്സണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആദില്‍ റഷീദ് രണ്ടും സ്റ്റുവര്‍ട് ബ്രോഡ് ബെന്‍ സ്റ്റോക്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനു സ്കോര്‍ നാലില്‍ നില്‍ക്കെ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെ നഷ്ടമായി. മുഹമ്മദ് ഷമിയുടെ പന്ത് കുക്കിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. ജോ റൂട്ടും ഹസീബ് ഹമീദും ചേര്‍ന്ന് സ്കോര്‍ 50 കടത്തിയെങ്കിലും ഹസീബ് റണ്‍ഔട്ട് ആയത് ഇംഗ്ലണ്ടിനു തിരിച്ചടിയായി. ബെന്‍ ഡക്കറ്റും മോയിന്‍ അലിയും സ്കോറര്‍മാരെ ബുദ്ധിമുട്ടിക്കാതെ യാത്രയായി. മോയിന്‍ അലിയുടെ വിക്കറ്റ് നേടിയത് വഴി ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യ വിക്കറ്റിനു ജയന്ത് യാദവ് സ്വന്തമാക്കി. 53 റണ്‍സ് നേടിയ ജോ റൂട്ടിനു മാത്രമാണ് ഇന്ത്യന്‍ ബൗളിംഗിനെതിരെ റണ്‍സ് നേടാനായത്. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ബെന്‍ സ്റ്റോക്സ് ജോണി ബാരിസ്റ്റോ എന്നിവര്‍ 12 റണ്‍സ് വീതം എടുത്ത് ക്രീസില്‍ നില്‍ക്കുകയാണ്. അശ്വിന്‍ രണ്ട് വിക്കറ്റ് നേടി ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നില്‍ നില്‍ക്കുകയാണ്.

Advertisement