ഇംഗ്ലണ്ടിന്റെയും സ്ഥിതി തഥൈവ, മികച്ച തുടക്കത്തിന് ശേഷം ആതിഥേയരും തകര്‍ന്നു

92/2 എന്ന നിലയിൽ നിന്ന് തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗും. ന്യൂസിലാണ്ടിനെ 132 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഓപ്പണര്‍മാരായ സാക്ക് ക്രോളിയും അലക്സ് ലീസും ചേര്‍ന്ന് ഇംഗ്ലണ്ടിനായി ഒന്നാം വിക്കറ്റിൽ 59 റൺസ് നേടിയെങ്കിലും പിന്നീട് തകര്‍ന്ന് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ്.

ക്രോളി 43 റൺസ് നേടി വേഗത്തിൽ സ്കോറിംഗ് നടത്തിയ ശേഷം മടങ്ങിയപ്പോള്‍ അലക്സ് ലീസ് 25 റൺസാണ് നേടിയത്. പിന്നീട് 92/2 എന്ന നിലയിൽ നിന്ന് ഇംഗ്ലണ്ട് 8 റൺസ് നേടുന്നതിനിടെ 5 വിക്കറ്റുകള്‍ കളഞ്ഞ് 100/7 എന്ന് നിലയിലേക്ക് വീഴുകയായിരുന്നു. 59 റൺസ് വരെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ മുന്നേറിയ ഇംഗ്ലണ്ടിന് അടുത്ത 41 റൺസ് നേടുന്നതിനിടെ 7 വിക്കറ്റാണ് നഷ്ടമായത്.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 116/7 എന്ന് നിലയിലാണ് ഇംഗ്ലണ്ട്. ന്യൂസിലാണ്ടിന്റെ സ്കോറിനൊപ്പമെത്തുവാന്‍ ഇംഗ്ലണ്ട് 16 റൺസ് കൂടിയാണ് നേടേണ്ടത്. 6 റൺസുമായി ബെന്‍ ഫോക്സും 4 റൺസ് നേടി സ്റ്റുവര്‍ട് ബ്രോഡുമാണ് ക്രീസിലുള്ളത്. ന്യൂസിലാണ്ടിനായി ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, കൈൽ ജാമിസൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version