ബ്രിസ്റ്റോളില്‍ ഇംഗ്ലണ്ടിനു ജയം 124 റണ്‍സിനു

- Advertisement -

ക്രിസ് ഗെയിലിന്റെ ഒറ്റയാള്‍ പോരാട്ടം വിഫലമായ മത്സരത്തില്‍ ഇംഗ്ലണ്ടിനു 124 റണ്‍സ് ജയം. ബ്രിസ്റ്റോളിലെ ജയത്തോടെ പരമ്പരയില്‍ മൂന്ന് ഏകദിനങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് ജയത്തോടെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയായിരുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മോയിന്‍ അലിയുടെ ശതവും ബെന്‍ സ്റ്റോക്സ്, ജോ റൂട്ട് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ സഹായത്തോടെ 369 എന്ന കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു. 39.1 ഓവറില്‍ 245 റണ്‍സിനു വെസ്റ്റിന്‍ഡീസ് ഓള്‍ഔട്ട് ആവുകയായിരുന്നു. ക്രിസ് ഗെയില്‍ 94 റണ്‍സ് നേടി മത്സരത്തില്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

ഒരു വശത്ത് ക്രിസ് ഗെയില്‍ തിളങ്ങിയപ്പോളും ഒപ്പം നില്‍ക്കുവാന്‍ മറ്റു വെസ്റ്റിന്‍ഡീസ് താരങ്ങള്‍ക്ക് കഴിയാതെ വന്നത് കൂറ്റന്‍ ചേസിംഗിനു ഇറങ്ങിയ വെസ്റ്റിന്‍ഡീസിനു തിരിച്ചടിയാകുകയായിരുന്നു. ഗെയിലും പുറത്തായതോടു കൂടി റണ്ണൊഴുക്കും പാടെ നിലച്ചു. 78 പന്തില്‍ നിന്നാണ് ഗെയില്‍ തന്റെ 94 റണ്‍സ് സ്വന്തമാക്കിയത്. 9 ബൗണ്ടറിയും 6 സിക്സറും അടങ്ങിയ ഇന്നിംഗ്സായിരുന്നു ഗെയിലിന്റേത്. 38 റണ്‍സ് നേടിയ ജേസണ്‍ മുഹമ്മദ്, ജേസണ്‍ ഹോള്‍ഡര്‍(34) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍.

ഇംഗ്ലണ്ടിനു വേണ്ടി ലിയാം പ്ലങ്കറ്റ് അഞ്ചും ആദില്‍ റഷീദ് മൂന്നും വിക്കറ്റ് വീഴ്ത്തി. ഡേവിഡ് വില്ലി ഒരു വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ക്രിസ് ഗെയില്‍ റണ്‍ഔട്ട് രൂപത്തില്‍ പുറത്തായി.

മോയിന്‍ അലിയുടെ വെടിക്കെട്ട് ശതകം, കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് ഇംഗ്ലണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement