അജയം ഇംഗ്ലണ്ട്

- Advertisement -

വെസ്റ്റിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ടിനു പരമ്പരയില്‍ സമ്പൂര്‍ണ്ണ വിജയം. ബാര്‍ബഡോസില്‍ അരങ്ങേറിയ മൂന്നാം ഏകദിനത്തില്‍ 186 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 328 റണ്‍സ് നേടിയപ്പോള്‍ കരീബിയന്‍ പടയ്ക്ക് 142 റണ്‍സ് മാത്രമേ നേടാനായുള്ളു. 110 റണ്‍സ് നേടിയ അലക്സ് ഹെയില്‍സാണ് മാന്‍ ഓഫ് ദി മാച്ച്. ക്രിസ് വോക്സ് മാന്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ആറാം ഓവറില്‍ ജേസണ്‍ റോയിയെ(17) നഷ്ടമായെങ്കിലും ടീമിലേക്ക് തിരിച്ചെത്തിയ അലക്സ് ഹെയില്‍സും ജോ റൂട്ടും ചേര്‍ന്ന് മത്സരം കരീബിയന്‍ സംഘത്തില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. ശതകങ്ങള്‍ നേടിയ ഇരുവരും 192 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 110 റണ്‍സ് നേടിയ ഹെയില്‍സിനെ അല്‍സാരി ജോസഫ് പുറത്താക്കുമ്പോള്‍ ഇംഗ്ലണ്ട് ടോട്ടല്‍ 219 റണ്‍സ്. വിക്കറ്റുകള്‍ ഒരു വശത്ത് വീണുകൊണ്ടിരുന്നപ്പോളും മികച്ച രീതിയില്‍ ബാറ്റ് വീശിയ ജോ റൂട്ട് തന്റെ ഒമ്പതാം ശതകം പൂര്‍ത്തിയാക്കി. 101 റണ്‍സാണ് റൂട്ടിന്റെ സംഭാവന. ബെന്‍ സ്റ്റോക്സിന്റെ വെടിക്കെട്ടും(20 പന്തില്‍ 34) വാലറ്റക്കാരുടെ ചെറു സ്കോറുകളുടെയും സഹായത്തോടു കൂടി ഇംഗ്ലണ്ട് 50 ഓവറില്‍ 328 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

വെസ്റ്റിന്‍ഡീസിനു വേണ്ടി അല്‍സാരി ജോസഫ് നാല് വിക്കറ്റും ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ആഷ്ലി നഴ്സിനാണ് ഒരു വിക്കറ്റ്.

മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ ഒരു ഘട്ടത്തില്‍ പോലും ഇംഗ്ലണ്ടിനു ഭീഷണിയായില്ല. 45/6 എന്ന നിലയിലേക്ക് വീണ കരീബിയന്‍ പടയ്ക്ക് മത്സരത്തില്‍ തിരിച്ചുവരവ് നടത്താനായില്ല. 46 റണ്‍സ് നേടിയ ജോനാഥന്‍ കാര്‍ട്ടര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ 13 പന്തില്‍ 22 റണ്‍സുമായി അല്‍സാരി ജോസഫ് പുറത്താകാതെ നിന്നു. അവസാന വിക്കറ്റില്‍ ദേവേന്ദ്ര ബിഷുവുമായി നേടിയ 29 റണ്‍സിന്റെ സഹായത്തോടു കൂടി 142 റണ്‍സ് നേടാനെ വെസ്റ്റിന്‍ഡീസിനു ആയുള്ളു.

ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ് എന്നിവര്‍ മൂന്ന് വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ സ്റ്റീവന്‍ ഫിന്‍ രണ്ട് വിക്കറ്റും ബെന്‍ സ്റ്റോക്സ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Advertisement