ലീഡ്സില്‍ ലീഡ് നോട്ടമിട്ട് ഇംഗ്ലണ്ട്

പാക്കിസ്ഥാനെതിരെ ലീഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 106/2 എന്ന സ്കോറാണ് നേടിയിട്ടുള്ളത്. 29 റണ്‍സുമായി ജോ റൂട്ട് റണ്ണൊന്നുമെടുക്കാതെ ഡോമിനിക് ബെസ്സ് എന്നിവരാണ് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനായി ക്രീസില്‍ നില്‍ക്കുന്നത്. കീറ്റണ്‍ ജെന്നിംഗ്സ്(29), അലിസ്റ്റര്‍ കുക്ക്(46) എന്നിവരാണ് പുറത്തായ താരങ്ങള്‍. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു 68 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ടിപ്പോള്‍.

ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 174 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 56 റണ്‍സ് നേടിയ ഷദബ് ഖാന്റെ പ്രകടനമാണ് പാക് നിരയില്‍ എടുത്ത് പറയാവുന്നത്. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സ്ണ്‍, ക്രിസ് വോക്സ് എന്നിവര്‍ മൂന്ന് വീതവും സാം കറന്‍ ഒരു വിക്കറ്റും നേടി. ഷദബ് ഖാനെ അവസാന വിക്കറ്റായി പുറത്താക്കിയാണ് കറന്‍ തന്റെ കന്നി വിക്കറ്റ് നേടിയത്. ഹാരിസ് സൊഹൈല്‍(28), അസാദ് ഷഫീക്ക്(27), ഹസന്‍ അലി(24) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി അലിസ്റ്റര്‍ കുക്ക്-കീറ്റണ്‍ ജെന്നിംഗ്സ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 53 റണ്‍സ് നേടി. 29 റണ്‍സ് നേടിയ ജെന്നിംഗ്സിനെ ഫഹീം അഷ്റഫ് പുറത്താക്കിയെങ്കിലും കുക്കും ജോ റൂട്ടും ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു.  ആദ്യ ദിവസത്തെ കളി അവസാനിക്കുവാന്‍ 6 ഓവറുകള്‍ മാത്രം ശേഷിക്കെ ഹസന്‍ അലി 46 റണ്‍സ് നേടിയ കുക്കിനെ മടക്കിയയച്ചു. കുക്ക് പുറത്തായി രണ്ട് ഓവറുകള്‍ കൂടി കഴിഞ്ഞപ്പോള്‍ അമ്പയര്‍മാര്‍ കളി അവസാനിപ്പിക്കുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യൻ അരങ്ങേറ്റത്തിൽ വിജയ തിളക്കവുമായി ആഷിഖ് കുരുണിയൻ
Next articleലോകകപ്പ് ഒരുക്കം, ടുണീഷ്യക്ക് വീണ്ടും സമനില