വൈസാഗ് ടെസ്റ്റ് : സമനിലയ്ക്കായി ഇംഗ്ലണ്ട് പൊരുതുന്നു

- Advertisement -

ഇന്ത്യ ഉയര്‍ത്തിയ 405 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് തോല്‍വി ഒഴിവാക്കാനായി പൊരുതുന്നു. നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 87/2 എന്ന നിലയിലാണ്. വിജയം 318 റണ്‍സ് അകലെ. രണ്ടാം ഇന്നിംഗ്സില്‍ 59.2 ഓവറുകള്‍ കളിച്ച ഇംഗ്ലണ്ടിന്റെ മെല്ലെപ്പോക്ക് നയം തന്നെ അവര്‍ സമനിലയ്ക്കു വേണ്ടിയാണ് ബാറ്റ് വീശുന്നതെന്നിന്റെ സൂചനയാണ് നല്‍കുന്നത്. രണ്ട് സെഷനുകളോളം ഇന്ത്യന്‍ ബൗളര്‍മാരെ ചെറുത്തു നിന്ന കുക്കിന്റെ വിക്കറ്റ് വീണതോടു കൂടി നാലാം ദിവസത്തെ കളി അവസാനിക്കുകയായിരുന്നു. 189 പന്തുകള്‍ നേരിട്ട കുക്ക് 54 റണ്‍സ് നേടി. ജോ റൂട്ടാണ് 5 റണ്‍സുമായാണ് ക്രീസില്‍

നേരത്തെ 98/3 എന്ന നിലയില്‍ നാലാം ദിവസം പുനരാരംഭിച്ച ഇന്ത്യയ്ക്ക് രഹാനെയെയും (26) അശ്വിനെയും(7) തുടക്കത്തില്‍ തന്നെ നഷ്ടമായി. തന്റെ തലേദിവസത്തെ സ്കോറിനോടു കൂടി വെറും 4 റണ്‍സ് മാത്രമേ രഹാനെയ്ക്ക് ചേര്‍ക്കാനായുള്ളു. രണ്ട് വിക്കറ്റുകളും നേടിയത് സ്റ്റുവര്‍ട്ട് ബ്രോഡായിരുന്നു. സാഹയെ പുറത്താക്കി ആദില്‍ റഷീദ് ഇന്നിംഗ്സിലെ തന്റെ ആദ്യ വിക്കറ്റ് നേടി. 81 റണ്‍സെടുത്ത കോഹ്‍ലിയായിരുന്നു റഷീദിന്റെ അടുത്ത ഇര. ജയന്ത് യാദവും(27) മുഹമ്മദ് ഷാമിയും(19) ചേര്‍ന്ന് പത്താം വിക്കറ്റില്‍ ഇംഗ്ലണ്ട് ക്യാംപിനെ ഏറേ നേരം വലച്ചു. 42 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. മുഹമ്മദ് ഷാമിയെ മോയിന്‍ അലി പുറത്താക്കിയപ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്സ് 204 റണ്‍സിനു അവസാനിച്ചു. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട് ബ്രോഡും ആദില്‍ റഷീദും നാല് വിക്കറ്റ് നേടിയപ്പോള്‍ മോയിന്‍ അലിയും ജെയിംസ് ആന്‍ഡേഴ്സണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഒന്നര ദിവസം ശേഷിക്കേ 405 റണ്‍സ് എന്ന ലക്ഷ്യം വെച്ചിറങ്ങിയ ഇംഗ്ലണ്ട് പ്രതിരോധത്തിലൂന്നിയുള്ള സമീപനമാണ് പുറത്തെടുത്തത്. 2 റണ്‍സിനു താഴെ റണ്‍ നിരക്കില്‍ ബാറ്റ് വീശിയ ഇംഗ്ലണ്ടിനു വിജയ പ്രതീക്ഷ ഇല്ലെന്നും മത്സരം സമനിലയിലാക്കുവാനും ആണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമെന്ന് ഓപ്പണര്‍മാര്‍ ബാറ്റിംഗ് ശൈലിയിലൂടെ സൂചന നല്‍കി. 144 പന്തില്‍ 25 റണ്‍സ് നേടിയ ഹസീബ് ഹമീദിനെയാണ് ഇംഗ്ലണ്ടിനു ആദ്യം നഷ്ടമായത്. അശ്വിന്‍ ആണ് ഇന്ത്യയ്ക്ക് ഏറെ ആവശ്യമായിരുന്നു ബ്രേക്ക് ത്രൂ നല്‍കിയത്. ഇംഗ്ലണ്ടിന്റെ ചെറുത്ത് നില്പ് നയിച്ച ക്യാപ്റ്റന്‍ കുക്കിനെ രണ്ടാം വിക്കറ്റായി നഷ്ടമായപ്പോള്‍ നാലാം ദിവസത്തെ കളി നിര്‍ത്തുകയായിരുന്നു.

Advertisement