Englandaustralia

ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും പിഴ ചുമത്തി ഐസിസി, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റുകള്‍ നഷ്ടം

ആഷസിലെ മോശം ഓവര്‍ റേറ്റിന് ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും പിഴ ചുമത്തി ഐസിസി. ഇംഗ്ലണ്ടിന് 19 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് മോശം ഓവര്‍ റേറ്റിനുള്ള പിഴയായി ചുമത്തുകയായിരുന്നു. ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റ്, മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റ്, ഓവലിലെ അവസാന ടെസ്റ്റ് എന്നീ മത്സരങ്ങളിലെ ബൗളിംഗ് വേഗത കുറവാണ് ഇംഗ്ലണ്ടിന് വിനയായത്. ഓവലില്‍ അവസാന ടെസ്റ്റിൽ അഞ്ച് ഓവറുകള്‍ പിന്നിലായിരുന്ന ഇംഗ്ലണ്ടിന് 25 ശതമാനം മാച്ച് ഫീസ് പിഴയായും 5 പോയിന്റ് കുറയ്ക്കുകയും ചെയ്തപ്പോള്‍ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിൽ 3 പോയിന്റും 15 ശതമാനം മാച്ച് ഫീസുമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റിൽ 9 ഓവര്‍ നിശ്ചിത സമയത്തിന് പിന്നിലായ ഇംഗ്ലണ്ടിന് 45 ശതമാനം മാച്ച് ഫീസും 9 പോയിന്റ് പിഴയും വിധിച്ചു. അതേ സമയം മാഞ്ചസ്റ്ററിൽ പത്ത് ഓവര്‍ കുറവ് എറിഞ്ഞതിന് ഓസ്ട്രേലിയയ്ക്ക് 10 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റും 50 ശതമാനം മാച്ച് ഫീസ് പിഴയായും വിധിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഓസ്ട്രേലിയയുടെ പോയിന്റ് 18 ആയും ഇംഗ്ലണ്ടിന്റെ പോയിന്റ് 9 ആയും കുറഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയയ്ക്ക് 30 എന്ന വിജയ ശതമാനവും ഇംഗ്ലണ്ടിന് 15 എന്ന വിജയ ശതമാനവുമാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയിൽ ഇവര്‍ മൂന്നും അഞ്ചും സ്ഥാനത്താണുള്ളത്.

Exit mobile version