എല്‍സെ പെറിയ്ക്ക് ഡബിള്‍, ഓസ്ട്രേലിയയ്ക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍

ഇംഗ്ലണ്ടിനെതിരെയുള്ള ഏക വനിത ആഷസ് ടെസ്റ്റില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 280 റണ്‍സ് പിന്തുടരാനിറങ്ങിയ ഓസ്ട്രേലിയ ഇന്നിംഗ്സ് 448/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ നേടാന്‍ ഓസ്ട്രേലിയയെ സഹായിച്ചത് എല്‍സെ പെറിയുടെ ഇരട്ട ശതകമാണ്. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 40/0 എന്ന നിലയിലാണ്. ഓസ്ട്രേലിയയെ വീണ്ടും ബാറ്റ് ചെയ്യിക്കാനായി 128 റണ്‍സ് കൂടി ഇംഗ്ലണ്ട് ഇനിയും നേടേണ്ടതുണ്ട്. ലോറന്‍ വിന്‍ഫീല്‍ഡ്(12*), താമി ബ്യൂമോണ്ട്(25*) എന്നിവരാണ് ക്രീസില്‍.

രണ്ടാം ദിവസത്തെ സ്കോറായ 177/5 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് അലൈസ ഹീലി(45)യുടെ വിക്കറ്റാണ് പിന്നീട് നഷ്ടമായത്. എന്നാല്‍ 93 റണ്‍സ് കൂടി നേടിയ ശേഷമാണ് ഹീലി-പെറി സഖ്യത്തെ വേര്‍പെടുത്താനായി ഇംഗ്ലണ്ടിനു സാധിച്ചത്. താലിയ മഗ്രാത്തും(47), ജെസ് ജോനാസ്സെനും (24) പെറിക്ക് മികച്ച പിന്തുണ നല്‍കിയപ്പോള്‍ ഓസ്ട്രേലിയയുടെ സ്കോര്‍ 400 കടന്നു. 166 ഓവറില്‍ നിന്ന് 448 റണ്‍സ് നേടിയ ഓസ്ട്രലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ പെറി 213 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial