എല്‍സെ പെറിയ്ക്ക് അര്‍ദ്ധ ശതകം, ഓസ്ട്രേലിയ പൊരുതുന്നു

ആഷസ് വനിത ടെസ്റ്റില്‍ ഓസ്ട്രേലിയ പൊരുതുന്നു. ഇംഗ്ലണ്ടിന്റെ 280 റണ്‍സ് ആദ്യ ഇന്നിംഗ്സ് സ്കോര്‍ പിന്തുടരാനിറങ്ങിയ ഓസ്ട്രേലിയ ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും എല്‍സെ പെറിയുടെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ പൊരുതുകയാണ്. പെറി 70 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയാണ്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 177/5 എന്ന നിലയിലാണ്. 103 റണ്‍സിനു പിന്നിലാണ് ഓസ്ട്രേലിയ മത്സരത്തില്‍ നിലവില്‍.

ഒന്നാം ദിവസത്തെ സ്കോറായ 235/7 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് 45 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. എല്‍സെ പെറി മൂന്ന് വിക്കറ്റും മെഗാന്‍ ഷുട്ട്, താലിയ മക്ഗ്രാത്ത്, ജെസ് ജോന്നാസെന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ആദ്യ വിക്കറ്റില്‍ നികോള്‍ ബോള്‍ട്ടണ്‍(24), ബെത്ത് മൂണി(27) എന്നിവര്‍ 48 റണ്‍സ് നേടി.എന്നാല്‍ 6 റണ്‍സ് വ്യത്യാസത്തില്‍ ഇരുവരും പുറത്തായത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി. അലക്സ് ബ്ലാക്ക്‍വെല്ലിനെയും നഷ്ടമായതോടെ ഓസ്ട്രേലിയ 61/3 എന്ന നിലയിലേക്ക് വീണു. പിന്നീട് എല്‍സെ പെറി റേച്ചല്‍ ഹെയന്‍സ്(33) മായി ചേര്‍ന്ന് 73 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയത് ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ രണ്ടാം ദിവസം അവസാനിക്കാന്‍ നാലോവര്‍ ശേഷിക്കെ ഹെയന്‍സ് പുറത്തായത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial