
ജോഹാന്നസ്ബര്‍ഗ് ഏകദിനത്തില്‍ ശ്രീലങ്കയെ 7 വിക്കറ്റിനു പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര വിജയം. 5 മത്സരങ്ങളുടെ പരമ്പരയില്‍ 3-0 നു ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിട്ടുണ്ട്. ഓപ്പണര്‍മാര്‍ നല്കിയ തുടക്കം മുതലാക്കാനാകാതെ പോയതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. ടോസ് ലഭിച്ച് ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണര്‍മാരായ നിരോഷന്‍ ഡിക്വെല്ല, ഉപുല്‍ തരംഗ എന്നിവര്‍ നല്കിയ മികച്ച തുടക്കമാണ് ശ്രീലങ്കന്‍ മധ്യനിര നഷ്ടപ്പെടുത്തിയത്. ആദ്യ വിക്കറ്റില്‍ 60 റണ്‍സ് നേടിയ തരംഗ-ഡിക്വെല്ല കൂട്ടുകെട്ടിനെ തകര്‍ത്ത് റബാഡ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നല്കി. 31 റണ്‍സ് നേടിയ നായകന് ഉപുല്‍ തരംഗ മടങ്ങിയ ശേഷം ശ്രീലങ്ക പതിവു പോലെ തകര്‍ന്നടിഞ്ഞു. 103 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടയില്‍ ശ്രീലങ്ക ഓള്‍ഔട്ട് ആയി. നിരോഷന്‍ ഡിക്വെല്ല 73 ആയിരുന്നു ടോപ് സ്കോറര്‍. ഡ്വെയിന്‍ പ്രെട്ടോറിയസ് 3 വിക്കറ്റ് നേടിയപ്പോള്‍ ഇമ്രാന് താഹിര്‍, ആന്‍ഡിലെ ഫെഹുല്‍ക്വായോ, കാഗിസോ റബാഡ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ക്രിസ് മോറിസ് 1 വിക്കറ്റ് നേടി.
32ാം ഓവറില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടക്കുകയായിരുന്നു. എബി ഡിവില്ലേയ്സ് (60*) ആയിരുന്നു ടോപ് സ്കോറര്‍. ഹാഷിം ആംല(34), ഫാഫ് ഡ്യുപ്ലെസിസ്(24), ജീന്‍ പോള്‍ ഡുമിനി(28) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍.
ദക്ഷിണാഫ്രിക്കയുടെ ഡ്വെയിന്‍ പ്രെട്ടോറിയസ് ആണ് മാന്‍ ഓഫ് ദി മാച്ച്.