
ശ്രീലങ്കയെ 121 റണ്‍സിനു കീഴടക്കി ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ 2-0 ത്തിന്റെ ലീഡ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നായകന് ഫാഫ് ഡ്യുപ്ലെസി, ഡേവിഡ് മില്ലര്‍ എന്നിവരുടെ ശതകങ്ങളുടെ പിന്‍ബലത്തില്‍ 307 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ 37.5 ഓവറില്‍ ശ്രീലങ്ക 186 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 105 റണ്‍സ് നേടിയ ഫാഫ് ഡ്യുപ്ലെസിയാണ് മാന്‍ ഓഫ് ദി മാച്ച്.
108/4 എന്ന നിലയില്‍ നിന്ന് ഡ്യുപ്ലെസി-മില്ലര്‍ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. 117 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ ഡ്യുപ്ലെസിയെ നുവാന്‍ കുലശേഖര പുറത്താക്കി. എന്നാല്‍ തന്റെ ബാറ്റിംഗ് വെടിക്കെട്ട് തുടര്‍ന്ന മില്ലര്‍ ക്രിസ് മോറിസുമായി(26) ചേര്‍ന്ന് സ്കോര്‍ 300നുടത്തേക്കെത്തിച്ചു. 50 ഓവറുകള്‍ അവസാനിച്ചപ്പോള്‍ 307 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡേവിഡ് മില്ലര്‍ 117 റണ്‍സ് നേടി പുറത്താകാതെ നിന്നു.
സുരംഗ ലക്മല്‍(2), ഓരോ വിക്കറ്റ് നേടിയ നുവാന്‍ കുലശേഖര, ധനന്‍ജയ ഡിസില്‍വ, ലക്ഷന്‍ സങ്കടന്‍, സചിത് പതിരാന എന്നിവര്‍ ശ്രീലങ്കയ്ക്ക് വേണ്ടി വിക്കറ്റ് പട്ടികയില്‍ ഇടം നേടി.
ഒട്ടനവധി ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാര്ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും ആര്‍ക്കും തന്നെ അത് വലിയ സ്കോറിലേക്ക് കൊണ്ടെത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ശ്രീലങ്കന്‍ ഇന്നിംഗ്സ് 186 റണ്‍സില്‍ അവസാനിച്ചു. ദിനേശ് ചന്ദിമല്‍(36) ആയിരുന്നു ടോപ് സ്കോറര്‍. നിരോഷന്‍ ഡിക്വെല്ല(25), നായകന് ഉപുല്‍ തരംഗ(26), സചിത് പതിരാന(26) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വെയിന്‍ പാര്‍ണല്‍, ഇമ്രാന് താഹിര്‍, ഡുമിനി എന്നിവര്‍ രണ്ട് വിക്കറ്റുകളും കാഗിസോ റബാഡ, ക്രിസ് മോറിസ്, ഫെഹ്ലുക്വായോ എന്നിര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.