
18 വർഷങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു ടീം കൂടെ ടെസ്റ്റിൽ അരങ്ങേറിയിരിക്കുന്നു. പുറകെ അഫ്ഗാനിസ്ഥാനും വരുന്നുണ്ട്. എക്കാലത്തും ‘അണ്ടർ-ഡോഗ്സിന്’ ഏതൊരു കായികത്തിലും കിട്ടുന്ന പിന്തുണ നമ്മൾ കണ്ടിട്ടുള്ളതാണ്. അങ്ങനെ തന്നെ ഇത്തവണയും അയർലണ്ട് ജയിക്കണമെന്ന് അല്ലേൽ സമനിലയെങ്കിലും പിടിക്കണം എന്ന ആഗ്രഹത്തോടെയാവണം പാക് ആരാധകർ ഒഴികെ ബാക്കിയുള്ളവർ എല്ലാം ഈ മത്സരം പിന്തുടർന്നത്.
മാലഹൈഡ് എന്ന മനോഹരമായ ചെറിയ ഗ്രൗണ്ടിൽ, പാകിസ്താനുമായുള്ള അയർലൻഡിന്റെ ആദ്യ ടെസ്റ്റിന്റെ ആദ്യദിനം മഴയാണ് കളിച്ചത്. അവരുടെ ടെസ്റ്റ് അരങ്ങേറ്റത്തിനു വേണ്ടി കണ്ണും മിഴിച്ച് കാത്തിരുന്ന അനേകർക്ക് നിരാശയായിരുന്നു ഫലം. എന്നാൽ രണ്ടാം ദിനം മഴ കനിഞ്ഞപ്പോൾ അയർലൻഡ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായി മാറി.
11 കളിക്കാരിൽ ടൈറോൺ കെയ്ൻ ഒഴികെയുള്ള ബാക്കി 10 പേരും അയർലണ്ട് ക്രിക്കറ്റിനെ കുറച്ചെങ്കിലും പിന്തുടരുന്നവർക്ക് പരിചിതരാണ്. ഇത്രയും പ്രധാനപ്പെട്ട മത്സരത്തിന് തങ്ങളുടെ സീനിയർ താരങ്ങൾ മതിയെന്ന ചിന്തയായിരിക്കണം ഈ തീരുമാനത്തിലേക്ക് വഴിവെച്ചത്. വില്യം പോർട്ടർഫീൽഡ് നായകൻ. 39കാരനായ എഡ് ജോയ്സ് ആണ് ഏറ്റവും മുതിർന്ന താരം. 7 പേർ 30ന് മുകളിൽ പ്രായമുള്ളവർ.
ആദ്യ ടെസ്റ്റിൽ തന്നെ ടോസ് അയർലൻഡിന് അനുകൂലം. തലേദിവസം പെയ്ത മഴകാരണം ആവാം അവർ ബൗളിംഗ് തിരഞ്ഞെടുത്തത്. ആദ്യം ബൗൾ ചെയ്യാൻ നിയോഗം ഉണ്ടായത് തിമോത്തി മുർതാഗിന്. അത് നേരിട്ടത് അസർ അലി. തട്ടിയിട്ട് അതിവേഗ സിംഗിൾ എടുക്കാനുള്ള ശ്രമത്തിനിടയിൽ പാകിസ്താന്റെ അരങ്ങേറ്റക്കാരൻ ഓപ്പണർ, ഇൻസമാം ഉൽ ഹഖിന്റെ അനന്തരവൻ, ഇമാം ഉൽ ഹഖ് അയർലണ്ട് കീപ്പർ നിയൽ ഒബ്രിയന്റെ ദേഹത്ത് തല ഇടിച്ചുവീണു. കുറച്ചു സമയം വേണ്ടിവന്നു ബാറ്റിംഗ് പിന്നെ തുടങ്ങാൻ. അഞ്ചാം ഓവറിൽ ഇമാം തന്നെ അയർലണ്ടിന് വേണ്ടി ആദ്യ ബൗണ്ടറി നേടി. മനോഹരമായ ഒരു കവർ ഡ്രൈവ് ആയിരുന്നു അത്. എന്നാൽ ആദ്യ ഓവറുകളിലെ അയർലണ്ടിന്റെ കൃത്യമായ ലൈനും ലെങ്തും, എട്ടാം ഓവറിൽ വിക്കറ്റിലേക്ക് നയിച്ചു. വില്യം പോർട്ടർഫീൽഡ് ആദ്യ ക്യാച്ച് സ്വന്തമാക്കിയപ്പോൾ ബോയ്ഡ് റാങ്കിനിന് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി ടെസ്റ്റ് വിക്കറ്റ് നേടിയവരുടെ പട്ടികയിലേക്ക് പ്രവേശനം.
ഏഴാം വിക്കറ്റിലെ 100 റൺ പാർട്ണർഷിപ് ഒഴികെ കാര്യമായ ചെറുത്തുനിൽപ്പ് പാകിസ്ഥാൻ ബാറ്സ്മാന്മാരിൽ നിന്നും ഉണ്ടായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് കൂടെ വീണതോടെ മികച്ച സ്കോർ അന്യമായ തുടങ്ങി. എന്നാലും 300 റൺ കടന്ന ശേഷം ഒരു വിക്കറ്റ് ബാക്കി നിൽക്കെ ഡിക്ലയർ ചെയ്യാൻ എടുത്ത തീരുമാനം അയർലണ്ട് ബാറ്സ്മാന്മാരെ കുഴപ്പിക്കാൻ ആയിരുന്നു എന്ന് വേണം കരുതാൻ. മുർതാഗ് നാലും, സ്റ്റുവർട്ട് തോംസൺ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. 83 റൺ നേടി ഫഹീം അഷ്റഫും, അർധസെഞ്ചുറികൾ നേടി ആസാദ് ഷഫീഖും, ഷദാബ് ഖാനും തിളങ്ങി.
എന്നാൽ അയർലണ്ട് തങ്ങളുടെ ബാറ്റിങ്ങിൽ വീണു. കെവിൻ ഒബ്രിയനും ഗാരി വിത്സണും മാത്രം 30 കടന്നപ്പോൾ വെറും 4 പേരാണ് രണ്ടക്കം എത്തിയത്. മുഹമ്മദ് അബ്ബാസ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷദാബ് ഖാൻ ബാറ്റിങ്ങിലെ ഫോം ബൗളിങ്ങിലും കാട്ടി, 3 വിക്കറ്റുകൾ.
180 റണ്ണിന്റെ പിൻബലത്തിൽ അയർലൻഡിനെ വരിഞ്ഞുമുറുക്കി ടെസ്റ്റ് വേഗത്തിൽ കൈക്കലാക്കി ഇംഗ്ലണ്ട് പരമ്പരയ്ക്ക് വേണ്ടി ഒരുങ്ങാൻ കൂടുതൽ സമയം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാവും സർഫറാസ് ഖാൻ അയർലണ്ടിനെ ഫോളോ ഓൺ ചെയ്യാൻ വിടാൻ തീരുമാനിച്ചത്. എന്നാൽ നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത, നേടാൻ ഒത്തിരിയുള്ള ഒരുവന്റെ ആത്മവിശവാസത്തിന് നേരെയാണ് തങ്ങൾ നിൽക്കുന്നതെന്ന് ഒരു നിമിഷം പാകിസ്ഥാൻ ടീം മറന്നുകാണണം. ഫോളോ ഓൺ ചെയ്ത അയർലണ്ട് കാഴ്ചവെച്ചത് ഈയിടയ്ക്ക് ടെസ്റ്റ് ക്രിക്കറ്റ് കണ്ടതിൽ ഏറ്റവും മികച്ച ചെറുത്തുനിൽപ്പുകളിൽ ഒന്നായിരുന്നു.
ആദ്യ ഇന്നിങ്സിൽ 4 പേർ മാത്രം രണ്ടക്കം കടന്നപ്പോൾ, രണ്ടാം ഇന്നിങ്സിൽ പുറത്തായവരിൽ രണ്ടക്കം കടക്കാത്തത് രണ്ട് പേർ മാത്രം. ആദ്യ ഇന്നിങ്സിൽ അവർക്ക് വേണ്ടി ടോപ് സ്കോറർ ആയ കെവിൻ ഒബ്രിയൻ രണ്ടാം ഇന്നിങ്സിൽ അയർലൻഡിന് വേണ്ടി ടെസ്റ്റിൽ ആദ്യ സെഞ്ച്വറി നേടിയ കളിക്കാരൻ ആയിമാറി. മൈക്ക് ഗാറ്റിങ്ങിനു ശേഷം ആദ്യമായി പാകിസ്ഥാനോട് ഫോളോ ഓൺ ഇന്നിങ്സിൽ സെഞ്ച്വറി നേടുന്ന താരവും കൂടെയായി കെവിൻ. ആദ്യ ഇന്നിങ്സിൽ മികച്ച ബൗളിംഗ് പ്രകടനം നടത്തിയ സ്റ്റുവർട്ട് തോംസണും അർധസെഞ്ചുറി നേടി. അയർലണ്ടിന്റെ നിശ്ചയദാർഢ്യം 159 റൺ ലീഡ് ആയി മാറി. മുഹമ്മദ് അബ്ബാസ് 5 വിക്കറ്റ് നേട്ടവും കരസ്ഥമാക്കി. അവസാന ദിവസത്തിൽ തൊണ്ണൂറോളം ഓവറുകളിൽ നിന്നും പാകിസ്ഥാന് ജയിക്കാൻ വേണ്ടത് 160 റൺസ്.


കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial