കോഹ്‌ലിക്ക് വേണ്ടത് റബ്ബർ സ്റ്റാമ്പ്?

ക്രിക്കറ്റ് മൈതാനങ്ങളിലും കുംബ്ലെ അങ്ങനെയായിരുന്നു ആർക്ക് മുന്നിലും തല കുനിയ്ക്കാൻ കുംബ്ലെയ്ക്ക് ആവുമായിരുന്നില്ല. അതുകൊണ്ടാവണം തുടർച്ചയായ വിജയങ്ങളുടെ കൊടുമുടി കീഴടക്കിയ ഒരു വർഷത്തിന് ശേഷം തന്റെ നിലപാടുകൾ ചോദ്യം ചെയ്ത ഘട്ടത്തിൽ തന്നെ രാജിവച്ചൊഴിയാൻ പഴയ പടക്കുതിര തീരുമാനിച്ചത്‌.

എക്കാലത്തും താരങ്ങൾക്ക് മാത്രം കൂടുതൽ പ്രാധാന്യം കിട്ടുന്ന ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാവാത്ത അഥവാ അവരുടെ അഡ്ജസ്റ്റ്മെന്റുകൾക്ക് റാൻ മൂളാത്ത ഒരാളെയല്ല ഇഷ്ടത്തിന് വഴങ്ങുന്ന ഒന്നും കണ്ടില്ലെന്ന് നടിയ്ക്കുന്ന ഒരു റബ്ബർ സ്റ്റാമ്പിനെയാണ് ആവശ്യം.

ഓസ്ട്രേലിയക്കെതിരെ നടന്ന അവസാന ടെസ്റ്റ് മുതൽക്കാണ് ക്യാപ്റ്റനും പരിശീലകനും തമ്മിലുള്ള ശീതസമരം ആരംഭിക്കുന്നത്. തന്നോട് സമ്മതം ചോദിക്കാതെ ഒരു താരത്തെ ഉൾപ്പെടുത്തി എന്നതാണ് കാരണമെന്ന് പറയുന്നെങ്കിലും പരിക്കിന്റെ പിടിയിലായിരുന്ന കോഹ്‌ലിയെ തന്നെ ഒഴിവാക്കി രഹാനയെ ക്യാപ്റ്റനാക്കുകയും പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെ അതുവരെ കഷ്ടപ്പെട്ടിരുന്ന ടീമിനെ ആ മത്സരത്തിൽ ആധികാരികമായി ജയിപ്പിക്കുകയും ചെയ്തത് കോഹ്‌ലി എന്ന ക്യാപ്റ്റനെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത് എന്നത് ഈ രാജിയോടെ മനസ്സിലാക്കാം

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക് രഹാനെ നല്ലൊരു വാഗ്ദാനമാണെന്ന ചിന്ത ആ ഒരു മത്സരത്തോടെ പലരിലും ഉണ്ടായി എന്നതൊരു വസ്തുതയാണ്. ഐപിഎൽ ഫൈനലിന് ശേഷം ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണോ എന്നുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തയ്യാറാണ് എന്ന് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകിയ മറുപടിയും ഇതോടൊപ്പം ചേർത്തു വായിക്കാവുന്നതാണ്. മറുവശത്ത് കോഹ്‌ലി നയിച്ച താരനിരയാകട്ടെ പൊരുതുക പോലും ചെയ്യാതെ കീഴടങ്ങുകയും ചെയ്തു.

പ്രകടനങ്ങളുടെ മികവിൽ കോഹ്‌ലി ഇനിയും ഒരുപാട് കാലം ഇന്ത്യൻ ടീമിൽ തുടർന്നേക്കാം. എന്നാൽ ചിട്ടയായ പരിശീലന രീതിയോട് എതിർപ്പുള്ള, ഇഷ്ടങ്ങൾക്ക് എതിര് നിന്ന പഴയ കളിക്കാരനും കൂടിയായ കോച്ചിനെ പോലും തള്ളിപ്പറയുന്ന കോഹ്‌ലി ഒരു നല്ല ക്യാപ്റ്റനാണെന്ന് തെളിയിക്കാൻ ഇനിയുമേറെ വിജയങ്ങൾ സ്വന്തമാക്കേണ്ടതുണ്ട്. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിൽ രാഹാനെയെ പോലെ ക്രീസിൽ സമയം ചിലവഴിച്ച് കളിക്കുന്ന ഒരു താരത്തെ പുറത്തിരുത്തിയത് തന്നെ ക്യാപ്റ്റൻസിയുടെ അഭാവമാണ്. ധോണിയെപ്പോലെ എതിർ ടീം നന്നായി കളിക്കുമ്പോൾ അവരെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളൊന്നും കോഹ്‌ലി എന്ന ക്യാപ്റ്റനിൽ നിന്ന് ഈയിടെ സമാപിച്ച ചാമ്പ്യൻസ് ട്രോഫിയിൽ കണ്ടില്ല എന്നത് അംഗീകരിച്ചേ പറ്റൂ.

എന്നെങ്കിലും ഫോം മങ്ങുമ്പോൾ ഇപ്പോഴത്തെ ചെയ്തികൾ പലതും കോഹ്‌ലിയെ തിരിഞ്ഞു കൊത്തില്ലെന്നാര് കണ്ടു. മുംബൈകാരല്ലാത്ത (ധോണി ഒഴികെ) ക്യാപ്റ്റന്മാരുടെ മുൻകാല ചരിത്രം കോഹ്‌ലിയിലൂടെ ആവർത്തിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമലയാളി താരം അസറുദ്ദീൻ ഉൾപ്പെടെ ഇന്ത്യൻ U-23 ടീം അമേരിക്കയിലേക്ക്
Next articleഡാനി ആൽവസ് വിഡ്ഢിയെന്ന് ഡീഗോ മറഡോണ