ഇന്ത്യയ്ക്ക് വിജയമൊരുക്കി ധോണിയും സ്പിന്നര്‍മാരും

- Advertisement -

ധോണിയുടെയും രഹാനെയുടെയും തോളിലേറി 250 റണ്‍സ് കടന്ന ഇന്ത്യയ്ക്ക് മികച്ച വിജയമൊരുക്കി സ്പിന്നര്‍മാര്‍. റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടേറിയ പിച്ചില്‍ അജിങ്ക്യ രഹാനെയും മറ്റു ബാറ്റ്സ്മാന്മാരും റണ്ണ റേറ്റുയര്‍ത്തുവാന്‍ പാട് പെട്ടപ്പോള്‍ ധോണിയും കേധാര്‍ ജാഥവും ചേര്‍ന്ന് അവസാന ഓവറുകളില്‍ അതിവേഗം നേടിയ റണ്ണുകള്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുകയായിരുന്നു. 4 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് നേടിയ ഇന്ത്യയ്ക്കായി ധോണി ടോപ് സ്കോറര്‍ ആയി. 79 പന്തില്‍ നിന്നാണ് ധോണി തന്റെ 78 റണ്‍സ് സ്വന്തമാക്കിയത്. 26 പന്തില്‍ 40 റണ്‍സ് നേടിയ കേധാര്‍ ജാഥവ് ധോണിയോടൊപ്പം ക്രീസില്‍ പുറത്താകാതെ നിന്നു. രഹാനെ 72, യുവരാജ് 39 എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍.

അവസാന പത്തോവറില്‍ 100 റണ്‍സ് തികച്ചാണ് ഇന്ത്യ പൊരുതാവുന്ന സ്കോറിലേക്ക് ഇന്ത്യയെ ബാറ്റ്സ്മാന്മാര്‍ കൊണ്ടെത്തിച്ചത്. കമ്മിന്‍സ് വെസ്റ്റിന്‍ഡീസിനായി 2 വിക്കറ്റ് നേടി.

252 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ കരീബിയന്‍ സംഘം എന്നാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ചൂളി 158 റണ്‍സിനു ഓള്‍ഔട്ട് ആയി. ജേസണ്‍ മുഹമ്മദ്(40), റോവ്‍മന്‍ പവല്‍(30) എന്നിവരുടെ ചെറുത്തുനില്പ് ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാ വിന്‍ഡീസ് ബാറ്റ്സ്മാന്മാരും ഇന്ത്യന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ ബുദ്ധിമുട്ടുകയായിരുന്നു. കുല്‍ദീപ് യാദവും രവിചന്ദ്രന്‍ അശ്വിനും 3 വിക്കറ്റ് വീതം നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, കേധാര്‍ ജാഥവ് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

തന്റെ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനം കാരണം ധോണിയാണ് മാന്‍ ഓഫ് ദി മാച്ച് പട്ടത്തിനര്‍ഹനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement