
ഒടുവില്‍ ശ്രീലങ്കന്‍ ആരാധകരുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. അകില ധനന്‍ജയ എന്ന 24 വയസ്സുകാരന് വലം കൈയ്യന്‍ ബൗളറുടെ മുന്നില്‍ ഇന്ത്യ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയപ്പോള്‍ പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കാനാകുമെന്ന് ശ്രീലങ്ക വിശ്വസിച്ചു. എന്നാല്‍ ആ വിശ്വാസങ്ങളെയെല്ലാം കാറ്റില്‍ പറത്തി ഇന്ത്യയെ തോല്‍വിയില്‍ നിന്ന് ഇതുപോലെ പലവട്ടം പിടിച്ചുകയറ്റിയ പഴറ്റിത്തെളിഞ്ഞ ഒരു യോദ്ധാവുണ്ടായിരുന്നു ക്രീസില്‍ – മഹേന്ദ്ര സിംഗ് ധോണി.
ശ്രീലങ്കയുടെ പതിവു ശൈലിയാണ് ഇന്ത്യന്‍ ബാറ്റിംഗ് ഇന്ന് അവലംബിച്ചത്. മികച്ച തുടക്കം പിന്നെ തകര്‍ച്ച, അതായിരുന്നു ഇന്ന് പല്ലെകിലേയില് കണ്ടത്. പിന്നീട് എട്ടാം വിക്കറ്റില്‍ ധോണിയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് ഇന്ത്യയെ ക്ഷമയോടെ ലക്ഷ്യത്തിലേക്ക് നയിക്കുകയായിരുന്നു. 54 റണ്‍സ് വിട്ടു നല്കി ആറ് ഇന്ത്യന്‍ താരങ്ങളെ വീഴ്ത്തിയ അകില ധനന്‍ജയയാണ് കളിയിലെ താരം. തലേന്ന് വിവാഹം നടന്ന ഈ യുവതാരത്തിനു ഇരട്ടി മധുരമാകുമായിരുന്നു ഈ കളിയിലെ കേമന്‍ പദവിയ്ക്കൊപ്പം വിജയം കൂടി നേടാനായിരുന്നുവെങ്കില്‍.
109/0 എന്ന നിലയില്‍ നിന്ന് 131/7 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നതിനു പിന്നില്‍ അകില ധനന്‍ജയ മാത്രമായിരുന്നു. രോഹിത് ശര്‍മ്മയെ വിക്കറ്റിനു മുന്നില്‍ കുടുക്കി മത്സരത്തിലെ ആദ്യ വിക്കറ്റ് വീഴ്ത്തിയ അകിലയുടെ പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ വട്ടം കറങ്ങുകയായിരുന്നു. 6 വിക്കറ്റ് നേടിയതില്‍ മൂന്ന് ബൗള്‍ഡും രണ്ട് എല്‍ബിഡബ്ല്യുവും അകില സ്വന്തമാക്കി. 109 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം രോഹിത്തും(54) ശിഖര്‍ ധവാനും(49 – മികച്ചൊരു ക്യാച്ചിലൂടെ ആഞ്ചലോ മാത്യൂസാണ് ധവാനെ മടക്കി അയയ്ച്ചത്) മടങ്ങിയതിനു ശേഷം ഇന്ത്യന്‍ താരങ്ങളുടെ ഡ്രെസ്സിംഗ് റൂമിലേക്കുള്ള ഘോഷയാത്രയാണ് കണ്ടത്.
എട്ടാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വഴിത്തിരിവായത്. 100 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സഖ്യം നിലയുറപ്പിക്കുവാന്‍ സമയമെടുത്തുവെങ്കിലും അകിലയെ കരുതലോടെ നേരിട്ട് ശ്രീലങ്കയ്ക്ക് കൂടുതല്‍ വിക്കറ്റുകള്‍ നല്കാതിരിക്കുകയാണ് ആദ്യം ചെയ്തത്. ഒരു ഘട്ടത്തില്‍ ഡോട്ട് ബോളുകള്‍ ഏറെ വഴങ്ങിയെങ്കിലും ഇന്ത്യയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു റണ്‍ കുറവാണ്, വേണ്ടുവോളം ഓവറുകള്‍ എന്നാല്‍ കൈയ്യിലില്ലാത്തത് വിക്കറ്റുകളാണ്. ആ തിരിച്ചറിവാണ് സഖ്യത്തെ കരുതലോടെ ബാറ്റ് വീഴാന്‍ പ്രേരിപ്പിച്ചത്.
ആദ്യം മെല്ലെ തുടങ്ങിയ ഭുവനേശ്വര്‍ കുമാര്‍(53*) അവസാന ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ത്തുകയായിരുന്നു. മഹേന്ദ്ര സിംഗ് ധോണി 45 റണ്‍സുമായി പുറത്താകാതെ നിന്നു. വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2-0 ന്റെ ലീഡ് സ്വന്തമാക്കി. 16 പന്തുകള്‍ ശേഷിക്കെയാണ് കൈവിട്ട നിലയില്‍ നിന്ന് മത്സരം തിരിച്ചു പിടിച്ച് ഇന്ത്യ 3 വിക്കറ്റ് വിജയം സ്വന്തമാക്കിയത്.
അത്ഭുതങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ലെങ്കില്‍ ഇന്നും ശ്രീലങ്കന്‍ ആരാധകര്‍ക്ക് നിരാശ തന്നെയാവും ഫലം. മാച്ച് പ്രിവ്യൂവില്‍ എഴുതിയവസാനിപ്പിച്ച വാക്കുകളാണ് ഇത്. അത്ഭുതങ്ങള്‍ സംഭവിച്ചു, അകില ധനന്‍ജയയുടെ രൂപത്തില്‍. എന്നാല്‍ ശ്രീലങ്കന്‍ പ്രതീക്ഷകള്‍ക്കുമേല്‍ മറ്റൊരു മഹാത്ഭുതം സംഭവിച്ചു , ഇന്ത്യയുടെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ രൂപത്തില്‍
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial