
ശിഖര്‍ ധവാന്റെ 90 റണ്‍സിന്റെ ബലത്തില്‍ ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയയ്ച്ച ശ്രീലങ്ക ആദ്യ ഓവറില്‍ തന്നെ നായകന് രോഹിത് ശര്‍മ്മയെ മടക്കിയയച്ചു. തൊട്ടടുത്ത ഓവറില്‍ സുരേഷ് റെയ്നയും പുറത്തായപ്പോള്‍ ഇന്ത്യ 9/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് 95 റണ്‍സ് കൂട്ടുകെട്ടുമായി ധവാനും മനീഷ് പാണ്ഡേയുമാണ് ഇന്ത്യയെ മികച്ച നിലയിലേക്ക് നയിച്ചത്.
37 റണ്‍സ് നേടിയ മനീഷ് പാണ്ഡേ പുറത്തായെങ്കിലും ശിഖര്‍ ധവാന് തന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നു. 49 പന്തില്‍ നിന്ന് 6 വീതം സിക്സും ബൗണ്ടറിയും നേടിയാണ് ശിഖര്‍ തന്റെ 90 റണ്‍സ് നേടിയത്. 18ാം ഓവറിന്റെ അവസാന പന്തില്‍ ധനുഷ്ക ഗുണതിലകയ്ക്ക് വിക്കറ്റ് നല്കി മടങ്ങിയപ്പോള്‍ അര്‍ഹമായ ശതകമാണ് ധവാനു നഷ്ടമായത്.
ഋഷഭ് പന്ത് 23 റണ്‍സുമായി അവസാന പന്തില്‍ പുറത്തായപ്പോള്‍ നിന്നപ്പോള്‍ ദിനേശ് കാര്‍ത്തിക് 13 റണ്‍സ് നേടി പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ദുഷ്മന്ത ചമീര രണ്ട് വിക്കറ്റും നുവാന്‍ പ്രദീപ്, ജീവന് മെന്‍ഡിസ്, ധനുഷ്ക ഗുണതിലക എന്നിവരാണ് ഓരോ വിക്കറ്റ് നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial