പിറന്നാള്‍ ദിനത്തില്‍ രണ്ടായിരം ടെസ്റ്റ് റണ്‍സുമായി ശിഖര്‍ ധവാന്‍

- Advertisement -

തന്റെ 32ാം ജന്മദിനത്തിന്റെ അന്ന് ടെസ്റ്റിലെ 2000 റണ്‍സ് തികച്ച് ശിഖര്‍ ധവാന്‍. തന്റെ നാട്ടില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കുവാനും താരത്തിനു സാധ്യമായി. ഫിറോസ് ഷാ കോട്‍ല മൈതാനത്തില്‍ ശ്രീലങ്കയുമായുള്ള മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലാണ് ധവാന് ഈ നേട്ടം കൈവരിക്കാനായത്. 67 റണ്‍സ് നേടിയ ധവാന്‍ സണ്ടകന്റെ ബൗളിംഗില്‍ നിരോഷന്‍ ഡിക്ക്വെല്ല സ്റ്റംപ് ചെയ്താണ് പുറത്തായത്.

28 ടെസ്റ്റ് മത്സരങ്ങളും 47 ഇന്നിംഗ്സുകളുമാണ് 2000 റണ്‍സ് തികയ്ക്കാനായി ധവാന് വേണ്ടി വന്നത്. കഴിഞ്ഞ ജൂലായില്‍ ശ്രീലങ്കന്‍ പര്യടനത്തിനിടെ നേടിയ 190 റണ്‍സാണ് ധവാന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്കോര്‍. ഓസ്ട്രേലിയയ്ക്കെതിരെ മാര്‍ച്ച് 14 2013നു പഞ്ചാബില്‍ ആണ് ധവാന്റെ ടെസ്റ്റ് അരങ്ങേറ്റം. അന്ന് 187 റണ്‍സാണ് ധവാന്‍ നേടിയത്. 85 പന്തില്‍ നിന്ന് ശതകം തികച്ച ധവാന്‍ അന്ന് ഏറ്റവും വേഗത്തിലുള്ള അരങ്ങേറ്റക്കാരന്റെ ടെസ്റ്റ് ശതകം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. 187 റണ്‍സ് നേടി അരങ്ങേറ്റത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡും ധവാന്‍ സ്വന്തമാക്കി. ഏറെക്കാലമായി ഗുണ്ടപ്പ വിശ്വനാഥ് സ്വന്തമാക്കി വെച്ചിരുന്ന റെക്കോര്‍ഡാണ് ധവാന്‍ മറികടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement