
70ാം സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ ഭാഗമായുള്ള നിദാഹസ് ട്രോഫിയില്‍ ഇന്ത്യയെ വീഴ്ത്തി ശ്രീലങ്ക. ഇന്ത്യ നേടിയ 174 റണ്‍സ് അഞ്ച് വിക്കറ്റുകളുടെ നഷ്ടത്തില്‍ 9 പന്ത് ബാക്കി നില്‍ക്കെയാണ് ശ്രീലങ്ക മറികടന്നത്. ശര്‍ദ്ധുല്‍ താക്കൂറിനെ ഒരോവറില്‍ 27 റണ്‍സ് പായിക്കുകയും തന്റെ അര്‍ദ്ധ ശതകം 22 പന്തില്‍ തികയ്ക്കുകയും ചെയ്ത കുശല്‍ ജനിത് പെരേര നേടിയ 66(37 പന്തില്‍) ആണ് കളി ലങ്കയ്ക്ക് അനുകൂലമായി മാറ്റിയത്.
ചഹാലും വാഷിംഗ്ടണ്‍ സുന്ദറും വിക്കറ്റുകളുമായി ലങ്കയെ തടയിടുവാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടത്തിയെങ്കിലും കുശല്‍ പെരേരയുടെ വെടിക്കെട്ട് ശ്രീലങ്കയ്ക്ക് ജയം ഉറപ്പിക്കാന്‍ പോന്നതായിരുന്നു. കുശല്‍ പെരേര പുറത്തായ ശേഷം 136/5 എന്ന നിലയില്‍ നിന്ന് ആറാം വിക്കറ്റില്‍ 39 റണ്‍സ് നേടിയ തിസാര പെരേര(22*)-ദസുന്‍ ഷനക(15*) കൂട്ടുകെട്ട് ലങ്കയുടെ ജയം ഉറപ്പാക്കി.
ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദറും യൂസുവേന്ദ്ര ചഹാലും രണ്ട് വീതം വിക്കറ്റാണ് മത്സരത്തില്‍ നേടിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്യാനയയ്ക്കപ്പെട്ട ഇന്ത്യ ശിഖര്‍ ധവാന്റെ(90) ബാറ്റിംഗ് മികവില്‍ 174/5 എന്ന സ്കോര്‍ നേടുകയായിരുന്നു. മനീഷ് പാണ്ഡേ(37), ഋഷഭ് പന്ത്(23) എന്നിവരും നിര്‍ണ്ണായകമായ സംഭാവനകള്‍ ടീമിനായി നടത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial