ധാക്ക ഡൈനാമൈറ്റ്സ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് വിജയികള്‍

ധാക്കയിലെ ഷേര്‍-ഇ ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ഫൈനലില്‍ രാജ്ഷാഹി കിംഗ്സിനെ 56 റണ്‍സിനു തോല്പിച്ച് ധാക്ക ഡൈനാമൈറ്റ്സ് വിജയികളായി. എവിന്‍ ലൂയിസ്, സംഗക്കാര എന്നിവരുടെ ബാറ്റിംഗ് പ്രകടനവും, ബൗളിംഗ് നിരയുടെ സമ്പൂര്‍ണ്ണ മേധാവിത്വവുമാണ് ധാക്കയെ വിജയത്തിലെത്തിക്കാന്‍ സഹായിച്ചത്.

ടോസ് നേടിയ രാജ്ഷാഹി കിംഗ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന പ്രാദേശിക താരം മെഹ്ദി മാറൂഫും വെസ്റ്റിന്‍ഡീസ് ടീമിനു വേണ്ടി സിംബാബ്‍വേയിലെ ത്രിരാഷ്ട്ര പരമ്പരയില്‍ സെഞ്ച്വറി ഉള്‍പ്പെടെ മികച്ച ഫോമില്‍ കളിക്കുന്ന എവിന്‍ ലൂയിസുമാണ് ധാക്ക ഡൈനാമൈറ്റ്സിനു വേണ്ടി ഓപ്പണ്‍ ചെയ്യാനിറങ്ങിയത്. എന്നാല്‍ മെഹ്ദി ഹസ്സനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ മാറൂഫ്(12) നേരത്തെ പുറത്താകുകയായിരുന്നു. നാസിര്‍ ഹോസൈനും(5) മൊസദേക് ഹോസൈനും(5) വേഗത്തില്‍ പുറത്തായെങ്കിലും എവിന്‍ ലൂയിസ് കഴിഞ്ഞ കളികളില്‍ പുലര്‍ത്തി വന്ന മികച്ച ഫോം തുടരുകയായിരുന്നു. 4ാം വിക്കറ്റായി ഫര്‍ഹദ് റേസയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 31 പന്തില്‍ 8 ബൗണ്ടറികളുടെ സഹായത്തോടു കൂടി 45 റണ്‍സായിരുന്നു ലൂയിസിന്റെ സംഭാവന. ഡൈനാമൈറ്റ്സ് നിരയില്‍ പിന്നീട് വന്ന ബാറ്റ്സ്മാന്മാരില്‍ സംഗക്കാര ഒഴികെ ആരും തന്നെ ലഭിച്ച തുടക്കങ്ങളെ വലിയ സ്കോറിലേക്ക് എത്തിക്കാനായില്ല. ബ്രാവോയും(13) ഷാകിബ് അല്‍ ഹസനും (12) സുനസുമല്‍ ഇസ്ലാമും(12) കുറഞ്ഞ പന്തുകളില്‍ നേടിയ സ്കോറുകള്‍ ധാക്ക ഡൈനാമൈറ്റ്സിന്റെ സ്കോര്‍ 150 കടത്തി. 9ാം വിക്കറ്റായി കുമാര്‍ സംഗക്കാര പുറത്താകുമ്പോള്‍ 33 പന്തില്‍ 36 റണ്‍സ് നേടിയിരുന്നു മുന്‍ ശ്രീലങ്കന്‍ താരം.

രാജ്ഷാഹി കിംഗ്സിനു വേണ്ടി ഫര്‍ഹദ് റേസ മൂന്ന് വിക്കറ്റ് നേടി ബൗളിംഗ് നിരയില്‍ മികച്ചു നിന്നു. കെസ്രിക് വില്യംസ്, മെഹ്ദി ഹസന്‍, അഫിഫ് ഹോസൈന്‍, ഡാരന്‍ സാമി, സമിത് പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ ഡൈനാമൈറ്റ്സ് ഓള്‍റൗണ്ടര്‍ ഡ്വൈന്‍ ബ്രാവോ റണ്‍ഔട്ട് ആവുകയായിരുന്നു.

160 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ രാജ്ഷാഹി കിംഗ്സിനു തുടക്ക പിഴച്ചു. സ്കോര്‍ബോര്‍ഡ് 15 റണ്‍സില്‍ നില്‍ക്കെ വിക്കറ്റ് കീപ്പര്‍ നുറുല്‍ ഹസനെ(5) അവര്‍ക്ക് നഷ്ടമായി. രണ്ടാം വിക്കറ്റില്‍ മോമിനുല്‍ ഹഖും സബിര്‍ റഹ്മാനും മികച്ചൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും റണ്‍ഔട്ട് വില്ലനായി എത്തുകയായിരുന്നു. 22 പന്തില്‍ 26 റണ്‍സെടുത്ത സബിര്‍ റഹ്മാനെ മെഹ്ദി മാറൂഫ് നേരിട്ടുള്ള ഹിറ്റിലൂടെ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ മോമിനുല്‍ ഹക്കും പുറത്തായതോടു കൂടി കിംഗ്സിന്റെ ബാറ്റിംഗ് തകര്‍ച്ച ആരംഭിച്ചു. ആദ്യ എലിമിനേറ്ററിലെ പോലെ പാതി ബാറ്റിംഗ് നിരയും പവലിയനിലേക്ക് മടങ്ങിയ ശേഷം ടീമിനെ ഒറ്റയ്ക്ക് വിജയിപ്പിച്ച ക്യാപ്റ്റന്‍ ഡാരന്‍ സാമിയ്ക്കും ഇത്തവണ പിഴച്ചു. 62/1 എന്ന നിലയില്‍ നിന്ന് 93/7 എന്ന നിലയിലേക്ക് രാജ്ഷാഹി കിംഗ്സ് തകരുകയായിരുന്നു. ഏറെ വൈകാതെ 103/9 എന്ന സ്കോറിനു രാജഷാഹി കിംഗ്സ് പുറത്താകുകയായിരുന്നു. ബാറ്റ് ചെയ്യുന്നതിനിടെ ബ്രാവോയുടെ ത്രോയേറ്റ് പരിക്കേറ്റ കെസ്രിക് വില്യംസ് ബാറ്റിംഗ് തുടരാനാകാതെ മടങ്ങുകയായിരുന്നു.

ധാക്ക ഡൈനാമൈറ്റ്സിനു വേണ്ടി അബു ജയദ്, ഷാകിബ് അല്‍ ഹസന്‍, സുന്‍സുമല്‍ ഇസ്ലാം എന്നിവര്‍ രണ്ട് വിക്കറ്റും ഡ്വൈന്‍ ബ്രാവോ, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.