
263/7 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 382 റണ്‍സിനു ഓള്‍ഔട്ട്. എബി ഡി വില്ലിയേഴ്സിന്റെ തകര്‍പ്പന്‍ ശതകമാണ് ടീമിന്റെ ലീഡ് 100 കടക്കുവാന്‍ സഹായിച്ചത്. 382 റണ്‍സിനു പുറത്താകുമ്പോള്‍ ഓസ്ട്രേലിയ്ക്കെതിരെ 139 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഡി വില്ലിയേഴ്സ് പുറത്താകാതെ 126 റണ്‍സുമായി ക്രീസില്‍ നിന്നു.
48 റണ്‍സ് കൂടി തലേ ദിവസത്തെ സ്കോറിനോട് ചേര്‍ത്ത ശേഷമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം ദിവസത്തെ ആദ്യ തിരിച്ചടി നേരിട്ടത്. 36 റണ്‍സ് നേടിയ വെറോണ്‍ ഫിലാന്‍ഡറിനെ പാറ്റ കമ്മിന്‍സ് പുറത്താക്കുകയായിരുന്നു. പിന്നീട് കേശവ് മഹാരാജിനെ കൂട്ടുപിടിച്ച് എബിഡി തന്റെ ശതകം പൂര്‍ത്തിയാക്കി. 108.5 ഓവറില്‍ പാറ്റ് കമ്മിന്‍സിനെ ബൗണ്ടറി പായിച്ചാണ് എബി ഡി വില്ലിയേഴ്സ് തന്റെ ശതകം നേടിയത്. തകര്‍ച്ച നേരിട്ട ടീമിന്റെ നെടുംതൂണായി മാറുകയായിരുന്നു പോര്‍ട്ട് എലിസബത്തില്‍ എബി ഡി വില്ലിയേഴ്സ്.
എബിഡിയ്ക്ക് മികച്ച പിന്തുണയുമായി അതിവേഗത്തില്‍ തന്നെ കേശവ് മഹാരാജും തന്റെ സ്കോറിംഗ് തുടര്‍ന്നു.24 പന്തില്‍ 30 റണ്‍സ് നേടിയ മഹാരാജിനെ ഹാസല്‍വുഡാണ് പുറത്താക്കിയത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്സുമാണ് മഹാരാജ് നേടിയത്. ഒമ്പതാം വിക്കറ്റില്‍ 58 റണ്‍സാണ് എബിഡി-മഹാരാജ് കൂട്ടുകെട്ട് നേടിയത്.
അവസാന വിക്കറ്റായി ലുംഗിസാനി ഗിഡി റണ്‍ഔട്ട് രൂപത്തില്‍ പുറത്താകുകയായിരുന്നു. 5 റണ്‍സാണ് ഗിഡിയുടെ സംഭാവന. ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ പാറ്റ് കമ്മിന്‍സ് മൂന്നും ഹാസല്‍വുഡ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ടും വിക്കറ്റാണ് നേടിയത്. സ്റ്റാര്‍ക്കിനു നഥാന്‍ ലയണിനും ഓരോ വിക്കറ്റ് ലഭിച്ചു.
ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിനു സമാപ്തിയായതോടു കൂടി അമ്പയര്‍മാര്‍ മൂന്നാം ദിവസത്തെ ലഞ്ച് പ്രഖ്യാപിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial