ഡിവില്ലിയേഴ്സ് താണ്ഡവം, 104 റണ്‍സ് ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

- Advertisement -

എബി ഡിവിവ്വിയേഴ്സ് ഫോമിലേക്ക് മടങ്ങി വന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ 104 റണ്‍സിനു പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. ബോളണ്ട് പാര്‍ക്കില്‍ ഇന്ന് സ്വന്തമാക്കിയ ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പര 2-0നു സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എബിഡിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 353 റണ്‍സ് നേടുകയായിരുന്നു. 104 പന്തില്‍ നിന്ന് 176 റണ്‍സാണ് ഡിവില്ലിയേഴ്സ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 249റണ്‍സിനു ഓള്‍ഔട്ട് ആയി.

ഇന്നത്തെ മത്സരത്തില്‍ ടോസ് ലഭിച്ച ബംഗ്ലാദേശ് ആതിഥേയരെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. രണ്ടാം മത്സരത്തിലും ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ മിന്നും തുടക്കമാണ് ടീമിനു നല്‍കിയത്. ആദ്യ വിക്കറ്റില്‍ 90 റണ്‍സ് കൂട്ടി ചേര്‍ത്ത ശേഷം ക്വിന്റണ്‍ ഡിക്കോക്ക്(46) ആണ് പുറത്തായത്. അതേ ഓവറില്‍ നായകന്‍ ഫാഫ് ഡു പ്ലെസിയെയും(0) പുറത്താക്കി ഷാകിബ് അല്‍ ഹസന്‍ തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി.

എന്നാല്‍ പിന്നീട് എബിഡിയുടെ ഒറ്റയാള്‍ പ്രകടനമാണ് മത്സരത്തില്‍ കണ്ടത്. ഹാഷിം അംലയോടൊപ്പം(85) 136 റണ്‍സും ഡുമിനിയോട്(30) ചേര്‍ന്ന് 117 റണ്‍സുമാണ് ഡിവില്ലിയേഴ്സ് പടുത്തുയര്‍ത്തിയത്. 104 പന്തില്‍ 15 ബൗണ്ടറിയും 7 സിക്സും സഹിതം 176 റണ്‍സ് നേടിയ ഡിവില്ലിയേഴ്സ് 48ാം ഓവറിലാണ് പുറത്തായത്. 50 ഓവറില്‍ ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 353 റണ്‍സ് നേടി. റുബല്‍ ഹൊസൈന്‍ നാലും ഷാകിബ് രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 47.5 ഓവറില്‍ 249 റണ്‍സിനു ഓള്‍ഔട്ട് ആയി. 68 റണ്‍സ് നേടിയ ഇമ്രുല്‍ കൈസ് ടോപ് സ്കോറര്‍ ആയി. മുഷ്ഫിക്കുര്‍ റഹിം 60 റണ്‍സ് നേടി പുറത്തായി. ആന്‍ഡിലേ ഫെഹ്‍ലുക്വായോ നാലും ഇമ്രാന്‍ താഹിര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ വെള്ളം കുടിപ്പിക്കുകയായിരുന്നു. ഡ്വെയിന്‍ പ്രേട്ടോറിയസ് രണ്ടും ഡെയന്‍ പാറ്റേര്‍സണ്‍ ഒരു വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement