23 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് മധ്യപ്രദേശ് ഇതിഹാസം

41 വയസ്സുകാരന്‍ ദേവേന്ദ്ര ബുണ്ടേല തന്റെ 22 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു. മധ്യപ്രദേശിനു വേണ്ടി ഏഴ് വര്‍ഷത്തോളം ക്യാപ്റ്റനായും നിലകൊണ്ട താരം തന്റെ കരിയറില്‍ 10004 ഫസ്റ്റ് ക്ലാസ് റണ്‍സ് നേടിയിരുന്നു. 43.68 എന്ന ശരാശരിയിലാണ് ഈ നേട്ടം. 1995ല്‍ ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരെ കളിക്കുവാന്‍ താരത്തെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നു. അതേ സീസണില്‍ തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്നാടിനെതിരെ തന്റെ അരങ്ങേറ്റവും കുറിച്ചു ബുണ്ടേല.

തൊട്ടടുത്ത സീസണില്‍ ബംഗാളിനെതിരെയുള്ള രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് ശതകവും ദേവേന്ദ്ര സ്വന്തമാക്കി. 2016-17 സീസണില്‍ റെയില്‍വേസിനെതിരെ നേടിയ 188 റണ്‍സാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഏറ്റവുമധികം രഞ്ജി ട്രോഫി മത്സരങ്ങളില്‍ പങ്കെടുത്തുവെന്ന റെക്കോര്‍ഡും ദേവേന്ദ്ര ബുണ്ടേലയ്ക്കാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിറ്റിക്ക് പരാജയം, കിരീട പ്രതീക്ഷ മങ്ങുന്നു
Next articleചെൽസി ആഴ്സണൽ പോരാട്ടം സമനിലയിൽ