
ഇന്ത്യ ഓസ്ട്രേലിയയെ സെമിയിൽ തോല്പിക്കുമെന്ന് ഏറ്റവും കടുത്ത ആരാധകർ പോലും കരുതിയിട്ടുണ്ടാവില്ല. ഇന്ത്യയുടെ ടൂർണമെന്റ് പരിശോധിച്ചാൽ ഇന്ത്യ തോറ്റ കളികൾ എല്ലാം തന്നെ ബാറ്റിംഗ് തകർച്ച നിമിത്തമായിരുന്നു. ഫൈനലിലും അത് തന്നെ സംഭവിച്ചു. എന്തുകൊണ്ടും സാധ്യം എന്ന് കരുതിയിരുന്ന വിജയം ബാറ്റിംഗ് തകർച്ചമൂലം അകന്നു പോകുന്നത് കണ്ടു. അവിശ്വസനീയമായിരുന്നു ആ തോൽവി.
ഈ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങൾക്കിടയിൽ ശ്രദ്ധേയർ ആയത് മിഥാലി രാജ്, ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന ഒക്കെ ആയിരുന്നു. എന്നാൽ മറ്റുള്ളവരുടെ ശ്രദ്ധ അധികം കിട്ടിയില്ലെങ്കിലും ഇന്ത്യയുടെ ജയങ്ങളിൽ വലിയ പങ്ക് വഹിച്ചിരുന്നവർ ആയിരുന്നു പൂനം റൗത്ത്, പൂനം യാദവ്, ദീപ്തി ശർമ്മ എന്നിവർ.
ഇന്ത്യ ഓസ്ട്രേലിയ സെമി ഫൈനൽ. ഹർമൻപ്രീത് കൗർ 98 റൺ നേടി നിൽക്കുന്ന സമയത് പന്ത് ലോങ്ങ് ഓണിലേക്ക് തട്ടിയിട്ടിട്ട് ഓടാൻ ശ്രമിക്കുന്നു. രണ്ട് റൺ അവിടെ ഉണ്ടായിരുന്നിട്ടും വളരെ വിമുഖതയോടെയാണ് ദീപ്തി രണ്ടാമത്തെ റൺ നേടാൻ ഓടാനാരംഭിച്ചത്. ഭാഗ്യത്തിന് റൺ ഔട്ട് ആയില്ല എന്നേയുള്ളു. ഹർമൻപ്രീത് കൗർ പിന്നീട് നടത്തിയ വികാരവിക്ഷോഭത്തിൽ ദീപ്തി ഇല്ലാതാകുന്നു എന്നതുപോലെ തോന്നി. കൗറിനൊപ്പം നല്ലൊരു പാർട്ണർഷിപ് അന്നേരം ഇല്ലായിരുന്നെങ്കിൽ അതുവരെ നേടിവെച്ചതെല്ലാം വ്യർത്ഥമായേനെ.
ഇന്ത്യൻ ടീമിന്റെ പ്രധാനപ്പെട്ട ഓൾ റൗണ്ടർമാരിൽ ഒരാൾ. ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നോക്കിയാൽ ഇന്ത്യയുടേത് സ്വന്തം പേരിൽ ഉള്ളയാൾ. അങ്ങനെ പല വിശേഷണങ്ങൾ ആണ് ദീപ്തിക്ക്. വെറും 19 വയസ്സ് മാത്രമേ ഉള്ളു. ഒരു ലോകകപ്പിൽ 200 റൺ നേടുകയും 10 വിക്കറ്റ് (216 റൺസ്, 12 വിക്കറ്റ്) എടുക്കുകയും ചെയ്ത ആദ്യത്തെ ക്രിക്കറ്റർ എന്ന നേട്ടവും ഇനി ദീപ്തിക്ക് സ്വന്തം. പല പ്രമുഖ ഓൾ റൗണ്ടർമാരും പുരുഷന്മാരുടെ ക്രിക്കറ്റിൽ നേടാത്ത ഈ നേട്ടം ദീപ്തിക്ക് നേടാൻ കഴിഞ്ഞത് തന്റെ കളിക്കളത്തിലെ അച്ചടക്കത്തിന്റെ കൂടെ ലക്ഷണമാണ് എന്നതിൽ തർക്കമില്ല.
ദീപ്തി ബാറ്റ് ചെയ്യുന്നതും ഗ്രൗണ്ടിൽ നിൽക്കുന്നതും ശ്രദ്ധിച്ചവർക്ക് ഒരു കാര്യം മനസിലാകും. പലപ്പോഴും നിർവികാരയായാണ് നിൽക്കാറുള്ളത്. ടെൻഷനും ഇല്ല, അമിതാവേശവും ഇല്ല. ഇത്രയും പക്വത ഈ പ്രായത്തിൽ കാത്തുസൂക്ഷിക്കാൻ അവർക്ക് കഴിയുന്നു എന്നത് തന്നെ അഭിനന്ദനാർഹമാണ്.
ഓഫ് സ്പിൻ ബൗളിംഗ് ആണ് ദീപ്തിയുടേത്. വെടിപ്പായിട്ടുള്ള മികച്ച ഒരു ബൗളിംഗ് ആക്ഷൻ തന്നെയാണ് ദീപ്തിയുടേത്. ബാറ്റിങ്ങിൽ ശക്തിയല്ല മറിച്ച് ടൈമിങ്ങിനാണ് പ്രാധാന്യമെന്ന് ദീപ്തിയുടെ ബാറ്റിങ്ങിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. ബാറ്റിങ്ങിൽ ഏകദിനത്തിൽ അവർക്ക് 43.68 ആവറേജ് ഉണ്ട്. ബൗളിംഗ് ആവറേജ് ആകട്ടെ 22ഉം. ലോകക്രിക്കറ്റിൽ തന്നെ വളരെ മികച്ച ഇക്കോണമിയിൽ പന്തെറിയുന്ന ബൗളർമാരിൽ ഒരാൾ.
ദീപ്തി ഭാവിയുടെ താരമാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഇവരെപോലുള്ള യുവതാരങ്ങളിൽ സുരക്ഷിതമാണ്. ഇപ്പോഴുള്ളതുപോലെ, തന്റെ നേട്ടങ്ങളിൽ മതിമറന്നുപോകാതെ തോൽവികളെ മറികടക്കാനുള്ള ആർജ്ജവം ഉണ്ടെങ്കിൽ നിഷ്പ്രയാസം ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകം ആയിട്ട് ദീപ്തി മാറും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial