
പാക്കിസ്ഥാനെതിരായ ബാര്‍ബഡോസില്‍ നടന്ന ആദ്യ ടി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നപ്പോള്‍ 6 വിക്കറ്റ് വിജയം സ്വന്തമാക്കി സന്ദര്‍ശകര്‍. ഷൊയബ് മാലിക് പുറത്താകാതെ നേടിയ 38 റണ്‍സാണ് പാക്കിസ്ഥാന്റെ വിജയം ഉറപ്പാക്കിയത്. പാക്കിസ്ഥാനു വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ തന്നെ 4 ഓവറില്‍ വെറും 7 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ് സ്വന്തമാക്കിയ ഷദബ് ഖാന് ആണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നേടിയ പാക്കിസ്ഥാന് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കാര്‍ലോസ് ബ്രാത്വൈറ്റ് (34*) ആണ് ടോപ് സ്കോറര്‍. മറ്റു ബാറ്റ്സ്മാന്മാര്ക്കാര്ക്കും തന്നെ മികച്ചൊരു ഇന്നിംഗ്സ് പുറത്തെടുക്കാനാകാതെ വന്നപ്പോള്‍ കരീബിയന്‍ പട തകരുകയായിരുന്നു. 74/7 എന്ന നിലയിലേക്ക് തകര്‍ന്ന ആതിഥേയരെ എട്ടാം വിക്കറ്റില്‍ ബ്രാത്വൈറ്റ് ജാസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ നേടിയ 37 റണ്‍സ് കൂട്ടുകെട്ടാണ് രക്ഷയ്ക്കെത്തിയത്. നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്. പാക്കിസ്ഥാനു വേണ്ടി ഷദബ് ഖാന് മൂന്ന് വിക്കറ്റ് നേടി ബൗളിംഗ് നിരയെ മുന്നില്‍ നിന്ന് നയിച്ചു. ഇമാദ് വസീം, സൊഹൈല്‍ തന്‍വീര്‍, ഹസന് അലി, വഹാബ് റിയാസ് എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.
112 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ പാക്കിസ്ഥാനു വേണ്ടി ബാബര്‍ അസം(29) ഷൊയബ് മാലിക്(38*) എന്നിവര്‍ ചേര്‍ന്നുള്ള 46 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയം ഉറപ്പിച്ചത്. 49/3 എന്ന നിലയില്‍ നിന്നാണ് ഇരുവരും മികച്ചൊരു കൂട്ടുകെട്ടിനായി ഒപ്പം കൂടിയത്. കമ്രാന്‍ അക്മല്‍ 22 റണ്‍സ് നേടി. വെസ്റ്റിന്‍ഡീസിനു വേണ്ടി ജാസണ്‍ ഹോള്‍ഡര്‍ രണ്ടും, സാമുവല്‍ ബദ്രി, കാര്‍ലോസ് ബ്രാത്വൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 17.1 ഓവറിലാണ് പാക്കിസ്ഥാന് വിജയം നേടിയത്.