അരങ്ങേറ്റക്കാരന്‍ 16 വയസ്സുകാരന്റെ മുന്നില്‍ പതറി അയര്‍ലണ്ട്

@ICC
- Advertisement -

അരങ്ങേറ്റക്കാരന്‍ പതിനാറു വയസ്സുകാരന്‍ മുജീബ് സദ്രാനു മുന്നില്‍ വട്ടം കറങ്ങി അയര്‍ലണ്ട് ബാറ്റിംഗ് നിര. ഇന്ന് ഷാര്‍ജയില്‍ നടന്ന മൂന്ന് ഏകദിന മത്സരങ്ങളിലെ ആദ്യത്തേതില്‍ 138 റണ്‍സിന്റെ തോല്‍വി ആണ് അയര്‍ലണ്ട് ഏറ്റുവാങ്ങിയത്. അഫ്ഗാനിസ്ഥാന്റെ 238 റണ്‍സ് പിന്തുടരാനിറങ്ങിയ അയര്‍ലണ്ട് 100 റണ്‍സിനു ഓള്‍ഔട്ട് ആയി. മുജീബ് സദ്രാന്‍ നേടിയ നാല് വിക്കറ്റുകളാണ് അയര്‍ലണ്ടിന്റെ മുന്നേറ്റ നിരയെ തകര്‍ത്തിയത്. 7 ഓവറില്‍ 12 റണ്‍സ് വിട്ടു നല്‍കിയാണ് മുജീബ് നാല് വിക്കറ്റ് നേടിയത്. തന്റെ സ്പെല്‍ പൂര്‍ത്തിയാക്കിയ മുജീബ് 24 റണ്‍സ് വഴങ്ങി. 35 റണ്‍സ് നേടിയ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് ആണ് അയര്‍ലണ്ട് നിരയിലെ ടോപ് സ്കോറര്‍. റഷീദ് ഖാനും മൂന്ന് വിക്കറ്റ് വീഴ്ത്തി മുബീജ് സദ്രാന് മികച്ച പിന്തുണ നല്‍കി.

21ാം നൂറ്റാണ്ടില്‍ ജനിച്ച് അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന ആദ്യ താരമെന്ന നേട്ടവും മുജീബ് സ്വന്തമാക്കി. അരങ്ങേറ്റ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് പട്ടം നേടാനും താരത്തിനായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ രഹ്മത് ഷാ(50), നസീര്‍ ജമാല്‍ (53) എന്നിവരുടെ അര്‍ദ്ധ ശതകത്തിന്റെ ബലത്തിലാണ് ആദ്യം നേരിട്ട തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. ഇരുവരും പുറത്തായ ശേഷം വിക്കറ്റുകള്‍ കൂട്ടത്തോടെ വീണെങ്കിലും എട്ടാം വിക്കറ്റില്‍ റഷീദ് ഖാന്‍(38) ഷഫിയുള്ള ഷഫീക്(36) എന്നിവര്‍ ടീമിന്റെ രക്ഷകരായെത്തി. നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്.

അയര്‍ലണ്ടിനായി ബോയഡ് റാങ്കിന്‍ നാലും ടിം മുര്‍ടാഗ് മൂന്നും വിക്കറ്റ് വീഴ്ത്തി.

Advertisement