ഡികോക്കിനു സെഞ്ച്വറി, രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ പൊരുതുന്നു

- Advertisement -

മഴ മൂലം തടസ്സപ്പെട്ട രണ്ടാം ദിവസത്തിനു ശേഷം ഹൊബാര്‍ട്ട് ടെസ്റ്റിന്റെ മൂന്നാം ദിനം ശക്തമായ നിലയിലാണ് ദക്ഷിണാഫ്രിക്ക. 241 റണ്‍സ് ലീഡുമായി ആദ്യ ഇന്നിംഗ്സ് ആദ്യ ഇന്നിംഗ്സ് 326നു ഓള്‍ഔട്ട് ആവുകയായിരുന്നു ദക്ഷിണാഫ്രിക്ക. വെളിച്ചക്കുറവ് മൂലം മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സില്‍ 121/2 എന്ന നിലയിലാണ്. 56 റണ്‍സെടുത്ത ഉസ്മാന്‍ ഖ്വാജയും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്(18*) എന്നിവരാണ് ക്രീസില്‍.

ഒന്നാം ദിവസത്തെ 171/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഡിക്കോക്കും ബൗമയും ചേര്‍ന്ന് നേടിയ 144 റണ്‍സ് നിര്‍ണ്ണായകമായി. 74 റണ്‍സെടുത്ത ബൗമയെ പുറത്താക്കി ജോ മെന്നി തന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി. ശതകം തികച്ച ഡികോക്കിന്റെ വിക്കറ്റ് ജോഷ് ഹാസല്‍വുഡ് നേടി. 28 പന്തില്‍ 32 റണ്‍സ് നേടിയ ഫിലാന്‍ഡറും ദക്ഷിണാഫ്രിക്കയ്ക്കായി മികച്ച രീതിയില്‍ ബാറ്റ് വീശി. ഇന്നിംഗ്സില്‍ ആറു വിക്കറ്റുകളാണ് ഹാസല്‍വുഡ് വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും ഹാസല്‍വുഡിനു മികച്ച പിന്തുണ നല്‍കി.

രണ്ടാം ഇന്നിംഗ്സില്‍ ജോ ബേണ്‍സിനെ ആദ്യമേ നഷ്ടമായെങ്കിലും വാര്‍ണറും ഖ്വാജയും ചേര്‍ന്ന് ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ 54/1 എന്ന നിലയിലായിരുന്നു. സ്കോര്‍ 79ല്‍ നില്‍ക്കെ വാര്‍ണറെ പുറത്താക്കി തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കിയ അബോട്ട് ഓസ്ട്രേലിയയ്ക്ക് രണ്ടാം പ്രഹരം നല്‍കി. പിന്നീട് വിക്കറ്റൊന്നും പോകാതെ മികച്ചൊരു കൂട്ടുകെട്ട് പുറത്തെടുക്കാന്‍ ഖ്വാജ – സ്മിത്ത് സഖ്യത്തിനായി.

Advertisement