ആദ്യ ദിനം വീണത് 13 വിക്കറ്റ്, ബംഗ്ലാദേശ് ഓള്‍ഔട്ട്, ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

സ്പിന്നര്‍മാര്‍ ആദ്യ ദിനം തന്നെ ധാക്ക ടെസ്റ്റില്‍ പിടിമുറുക്കിയപ്പോള്‍ വീണത് 13 വിക്കറ്റ്. ബംഗ്ലാദേശ് ഓള്‍ഔട്ട് ആവുകയും മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍. 260 റണ്‍സിനു ഓള്‍ഔട്ട് ആയ ബംഗ്ലാദേശിനായി തമീം ഇക്ബാല്‍, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. സ്പിന്നര്‍മാരാണ് ആദ്യ ദിവസം കൂടുതല്‍ വിക്കറ്റ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 18/3 എന്ന നിലയിലാണ്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനു രണ്ടാം ഓവറില്‍ തന്നെ സൗമ്യ സര്‍ക്കാരിനെ നഷ്ടമായി. 10 റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന്റെ രക്ഷയ്ക്കായെത്തിയത് ഷാകിബ്-തമീം കൂട്ടുകെട്ടാണ്. ഇമ്രുല്‍ കൈസ്, സബ്ബിര്‍ റഹ്മാന്‍ എന്നിവരെ പാറ്റ് കമ്മന്‍സ് മടക്കി. ആദ്യ മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സ് നേടിയ ശേഷം 155 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ തമീം മടങ്ങിയപ്പോള്‍ 71 റണ്‍സായിരുന്നു വ്യക്തിഗത സ്കോര്‍. ഗ്ലെന്‍ മാക്സ്വെല്ലിനാണ് വിക്കറ്റ്. പിന്നീട് മത്സരത്തില്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കുന്ന കാഴ്ചയാണ് ധാക്കയില്‍ കണ്ടത്.

23 റണ്‍സ് കൂടി ഇന്നിംഗ്സിനോട് ചേര്‍ക്കുന്നതിനിടയില്‍ ഷാകിബും(84) മടങ്ങി. ആഷ്ടണ്‍ അഗര്‍, നഥാന്‍ ലയണും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് 260 റണ്‍സിനു അവസാനിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറെ(8) മെഹ്ദി ഹസന്‍ പുറത്താക്കിയപ്പോള്‍ ഉസ്മാന്‍ ഖ്വാജ റണ്‍ഔട്ട് ആയി. നൈറ്റ് വാച്ച്മാനായി എത്തിയ നഥാന്‍ ലയണിനെ ഷാകിബ് വിക്കറ്റിനു മുന്നില്‍ കുടുക്കി. ആദ്യ ദിവസം സ്റ്റംപ്സ് ആയപ്പോള്‍ മാറ്റ് റെന്‍ഷാ(6*), സ്റ്റീവ് സ്മിത്ത്(3*) എന്നിവരാണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅഖിലേന്ത്യാ സെവൻസിൽ പുതിയ താരങ്ങൾക്ക് അവസരം ഒരുക്കി ട്രയൽസ് നടന്നു
Next articleമൊറാത തിളങ്ങി, ചെൽസിക്ക് തുടർച്ചയായ രണ്ടാം ജയം