
ഇന്ത്യന്‍ സമയം വൈകുന്നേരം 6.30നു എഡ്ജ്ബാസ്റ്റണില് ആദ്യ പന്തെറിയുമ്പോള്‍ അത് ഇംഗ്ലണ്ടിന്റെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന്റെ തുടക്കമായിരിക്കും. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റ് ഇംഗ്ലീഷ് ക്രിക്കറ്റിനു പുത്തന്‍ അനുഭവം ആയിരിക്കും. കരീബിയന്‍ സംഘത്തിനെ സംബന്ധിച്ച് അവര്‍ ഡേ നൈറ്റ് ടെസ്റ്റിനെ അനുഭവിച്ചറിഞ്ഞതാണ് നേരത്തെ തന്നെ. ദുബായിയില്‍ പാക്കിസ്ഥാനായിരുന്നു അന്ന് വെസ്റ്റ് ഇന്‍ഡീസിന്റെ എതിരാളികള്‍. അതേ സമയം ഇംഗ്ലണ്ടിനെ സംബന്ധിച്ചു പിങ്ക് ബോളിലെ മത്സരം ഒരു പുതിയ അനുഭവം തന്നെ ആയിരിക്കും.
സറേയുടെ മാര്‍ക്ക് സ്റ്റോണ്‍മാന്‍ ആവും ഇംഗ്ലണ്ടിനായി പുതുതായി അരങ്ങേറ്റം കുറിക്കുക. അലിസ്റ്റര്‍ കുക്കിനെയും ജോ റൂട്ടിനെയും ഒഴിച്ചു നിര്‍ത്തിയാല്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് താരതമ്യേന പുതുമുഖങ്ങളാല്‍ നിറഞ്ഞതാണ്. മോശം ഫോമിലുള്ള കീറ്റണ്‍ ജെന്നിംഗ്സിനെ ഒഴിവാക്കിയാണ് മാര്‍ക് സ്റ്റോണ്മാനിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദാവീദ് മലന്, ടോം വെസ്റ്റ്ലിയും തീര്‍ത്തും പുതുമുഖങ്ങളാണ് ഇംഗ്ലീഷ് ടെസ്റ്റ് ടീമില്‍. കഴിഞ്ഞ ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയിലും പലപ്പോഴും ടീമിന്റെ രക്ഷയ്ക്കെത്തിയത് ഓള്‍റൗണ്ടര്‍മാരായ ബെന്‍ സ്റ്റോക്സും മോയിന്‍ അലിയും ആയിരുന്നു.
ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിര മികച്ച ഫോമില്‍ തന്നെയാണ്. പുതുമുഖം ടോബി റോളണ്ട് ജോണ്‍സും മോയിന്‍ അലിയും ജെയിംസ് ആന്‍ഡേഴ്സണും ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികവ് പുലര്‍ത്തി. പരിക്കില്‍ നിന്ന് മുക്തനായി ക്രിസ് വോക്സ് മടങ്ങിവരുന്നത് ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിരയെ കരുത്തുറ്റതാകും.
2014നു ശേഷം ഒരു ടെസ്റ്റ് പരമ്പര പോലും വെസ്റ്റ് ഇന്‍ഡീസ് ജയിച്ചിട്ടില്ല. ഇംഗ്ലണ്ടിനെ പോലെ ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ വെസ്റ്റിന്‍ഡീസിനും കരുത്താവുക അവരുടെ ബൗളിംഗ് നിര തന്നെയാവും. ഷാനണ്‍ ഗബ്രിയേല്‍, അല്‍സാരി ജോസഫ്, കെമര്‍ റോച്ച് എന്നിവരില്‍ മികച്ച പേസ് ബൗളിംഗ് നിര തന്നെയാണ് കരീബിയന്‍ സംഘത്തിനുമുള്ളത്. ബാറ്റിംഗില്‍ ഷായി ഹോപ്, റോഷ്ടണ്‍ ചേസ് എന്നിവര്‍ തന്നെയാവും കരുത്തേകേണ്ടി വരിക. ഓപ്പണര്‍ ക്രെയിഗ് ബ്രാത്വൈറ്റ് ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ ഒരു പരിധി വരെ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ശക്തമാകേണ്ടതാണ്.
ഇരു ടീമുകളുടെയും ബൗളിംഗ് നിരകള്‍ തമ്മിലുള്ള പോരാട്ടമാവും എഡ്ജ്ബാസ്റ്റണില് കാണാനാവുക. ഒപ്പം തന്നെ പിങ്ക് ബോളില്‍ എങ്ങനെ ഇംഗ്ലീഷ് ടീം കളിക്കുന്നു എന്നതും ഏറെ നിര്‍ണ്ണായകമാകും. ടെസ്റ്റ് റാങ്കിംഗില്‍ 3ാം റാങ്കിലുള്ള ഇംഗ്ലണ്ട് തന്നെയാവും പരമ്പര സ്വന്തമാക്കുവാന്‍ ഏറെ സാധ്യത കല്പിക്കപ്പെടുന്ന ടീം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial