ദാവീദ് മലാന്‍ ഒരുക്കിയ വെടിക്കെട്ടില്‍ ഇംഗ്ലണ്ടിനു പരമ്പര വിജയം

- Advertisement -

ദാവീദ് മലാന്‍ കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ കത്തിക്കയറിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടി20 മത്സരത്തില്‍ 19 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഇംഗ്ലണ്ടിനു പരമ്പര വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ ദാവീദ് മലാന്‍ 44 പന്തില്‍ നേടിയ 78 റണ്‍സായിരുന്നു പ്രധാന സവിശേഷത. അലക്സ് ഹെയില്‍സ്(36), ജോസ് ബട്‍ലര്‍ (31) എന്നിവരും മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ ഡേവ് പീറ്റേഴ്സണ്‍ നേടിയ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന്റെ 200നു മുകളിലുള്ള മോഹങ്ങള്‍ക്ക് തടയിടുകയായിരുന്നു. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡേവ് പീറ്റേഴ്സണ്‍ 4 വിക്കറ്റുകളുമായി ബൗളര്‍മാരില്‍ മുന്നില്‍ നിന്നു. ആന്‍ഡിലെ ഫെഹ്ലുക്വായോ രണ്ടും ഇമ്രാന്‍ താഹിര്‍ മോണേ മോര്‍ക്കെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എന്നാല്‍ വിചാരിച്ച തുടക്കമല്ല ലഭിച്ചത്. റീസ ഹെന്‍ഡ്രിക്സിനെ പൂജ്യത്തിനു നഷ്ടമായ അവര്‍ക്ക് പിഞ്ച് ഹിറ്ററായി ഇറങ്ങിയ ക്രിസ് മോറിസിനെയും വേഗത്തില്‍ നഷ്ടമായി. ജെജെ സ്മട്സ് (29) റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഡിവില്ലിയേഴ്സിനു അധിക ബാധ്യതയായി. അതിവേഗം റണ്‍ കണ്ടെത്തുവാനുള്ള ഡിവില്ലിയേഴ്സിന്റെ ശ്രമങ്ങളും(19 പന്തില്‍ 35) അവസാനിച്ചതോടു കൂടി മത്സരം ദക്ഷിണാഫ്രിക്ക കൈവിടുകയായിരുന്നു.

ഏഴാം വിക്കറ്റില്‍ മാംഗാലിസോ(36) മോഷേലെയും(27) ആന്‍ഡിലെ ഫെഹ്ലുക്വായോയും കൂടി നേടിയ 54 റണ്‍സ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ തോല്‍വിയുടെ ഭാരം കുറയ്ക്കാന്‍ സഹായിച്ചത്. എന്നാല്‍ മുന്‍ നിര ബാറ്റ്സ്മന്മാരും മധ്യ നിരയും കൈവിട്ട മത്സരം അനുകൂലമാക്കി മാറ്റുവാന്‍ ഇരുവര്‍ക്കുമായില്ല. 7 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് നേടുവാനായുള്ളു.

ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദന്‍(3), ടോം കുറന്‍(2), ലിയാം പ്ലങ്കറ്റ്, മേസണ്‍ ക്രെയിന്‍ എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement