ദക്ഷിണാഫ്രിക്കയ്ക്ക് തോല്‍വി ഒഴിവാക്കുക ദുഷ്കരം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ തോല്‍വിയെ അഭിമുഖീകരിച്ച് ദക്ഷിണാഫ്രിക്ക. 492 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 117/4 എന്ന നിലയിലാണ്. ഡീന്‍ എല്‍ഗാര്‍(72*), ടെംബ ബാവുമ(16*) എന്നിവരാണ് ക്രീസില്‍.  375 റണ്‍സ് ആണ് ഇനിയും ജയത്തിനായി ദക്ഷിണാഫ്രിക്ക നേടേണ്ടത്. തോല്‍വി ഒഴിവാക്കി സമനില പിടിക്കുവാനായി അവസാന ദിവസം മുഴുവന്‍ ബാറ്റ് ചെയ്യേണ്ടതായുണ്ട്. കൈയ്യില്‍ അവശേഷിക്കുന്നത് 6 വിക്കറ്റുകള്‍.

മഴ ഏറെ ഭാഗവും കവര്‍ന്ന മൂന്നാം ദിവസത്തിനു ശേഷം നാലാം ദിവസം 74/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു കിറ്റണ്‍ ജെന്നിംഗ്സിനെ(38) ആദ്യം നഷ്ടമായി. ടോം വെസ്റ്റ്‍ലിയും നായകന്‍ ജോ റൂട്ടും ചേര്‍ന്ന് ലീഡ് വര്‍ദ്ധിപ്പിച്ചു കൊണ്ടേയിരുന്നു. 59 റണ്‍സ് നേടിയ വെസ്‍റ്റ്‍ലിയും 50 റണ്‍സ് നേടിയ ജോ റൂട്ടും പുറത്തായെങ്കിലും ഇംഗ്ലണ്ടിന്റെ ലീഡ് ഉയരുകയായിരുന്നു.

ബെന്‍സ്റ്റോക്സ്(31), ജോണി ബാരിസ്റ്റോ(63), ടോബി റോളണ്ട്-ജോണ്‍സ്(23*) എന്നിവരുടെ സഹായത്തോടു കൂടി ഇംഗ്ലണ്ട് തങ്ങളുടെ ലീഡ് അഞ്ഞൂറിനടുത്തെത്തിച്ചു. ബാരിസ്റ്റോ പുറത്തായതും ഇംഗ്ലണ്ട് നായകന്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് നേടിയത് 313/8. കേശവ് മഹാരാജ് 3 വിക്കറ്റും, ക്രിസ് മോറിസ് രണ്ട് വിക്കറ്റും നേടി.

492 റണ്‍സ് ലക്ഷ്യത്തിനായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 52/4 എന്ന നിലയിലേക്ക് ഏതാനും ഓവറുകള്‍ക്കകം തകരുകയായിരുന്നു. ഡീന്‍ എല്‍ഗാറും ടെംബ ബാവുമയും ചേര്‍ന്നാണ് ഇപ്പോള്‍ ഇന്നിംഗ്സ് തകരാതെ ചേര്‍ത്ത് പിടിച്ചിരിക്കുന്നത്. 65 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. ഇംഗ്ലണ്ടിനായി ബെന്‍സ്റ്റോക്സ് രണ്ടും സ്റ്റുവര്‍ട് ബ്രോഡ്, ടോബി റോളണ്ട്-ജോണ്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article“ബ്ലാസ്റ്റേഴ്സിനെ ലോക ബ്രാൻഡായി വളർത്തൽ ലക്ഷ്യം” – സിങ്ടോ
Next articleആതിഥേയർക്ക് മുന്നിൽ പകച്ച് അഫ്ഗാൻ