ആദ്യ ദിനം തിളങ്ങി ക്രെയിഗ് ഇര്‍വിനും രംഗന ഹെരാത്തും

കൊളംബോ ടെസ്റ്റിലെ ആദ്യ ദിനത്തില്‍ സിംബാബ്‍വേ മികച്ച സ്കോറിലേക്ക്. ശ്രീലങ്കയുടെ രംഗന ഹെരാത്തും സിംബാബ്‍വേയുടെ ക്രെയിഗ് ഇര്‍വിനുമാണ് ആദ്യ ദിനം തിളങ്ങിയ താരങ്ങള്‍. ചുറ്റും വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോളും ശ്രീലങ്കന്‍ ബൗളിംഗിനെ ചെറുത്ത് തോല്പിച്ച ഇര്‍വിന്‍ അര്‍ഹമായ ശതകം നേടി മുന്നോട്ട് കുതിക്കുകയാണ്. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ സിംബാബ്‍വേ 8 വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് നേടിയിട്ടുണ്ട്. 151 റണ്‍സുമായി ഇര്‍വിനും 24 റണ്‍സ് നേടി ഡൊണാള്‍ഡ് ടിരിപിയാനോയുമാണ് ക്രീസില്‍. 62 റണ്‍സിന്റെ 9ാം വിക്കറ്റ് അപരാജിത കൂട്ടുകെട്ടാണ് ഇരുവരും നേടിയിരിക്കുന്നത്.

നേരത്തെ ടോസ് നേടിയ സിംബാബ്‍വേ ബാറ്റിംഗ് തിരഞ്ഞെടുത്തു. രംഗന ഹെരാത്തിനെ ബൗളിംഗ് ഏല്പിച്ചത് മുതല്‍ ലങ്ക മത്സരത്തില്‍ പിടിമുറുക്കുന്നതാണ് കണ്ടത്. അഞ്ച് ഓവറുകള്‍ക്കിടയില്‍ ഓപ്പണര്‍ രണ്ട് പേരെയും മടക്കി അയച്ച് ഹെരാത്ത് ശ്രീലങ്കയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്തു. ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോളും ഇര്‍വിന്‍ സധൈര്യം ബൗളര്‍മാരെ നേരിടുകയായിരുന്നു. തന്റെ ഇന്നിംഗ്സിലൂടെ തകര്‍ന്ന് പോകാമായിരുന്ന സിംബാബ്‍വേയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വരികയായിരുന്നു ഈ ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍. ചെറുതെങ്കിലും നിര്‍ണ്ണായകമായ കൂട്ടുകെട്ടുകള്‍ നേടിയ ഇര്‍വിനും മറ്റു ബാറ്റ്സ്മാന്മാരും ആദ്യ ദിവസത്തെ മേല്‍ക്കൈ ലങ്കയില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. ഇതിനിടെ തന്റെ രണ്ടാം ശതകം പൂര്‍ത്തിയാക്കിയ ഇര്‍വിനു കൂട്ടായി ഷോണ്‍ വില്യംസ്(22), സിക്കന്ദര്‍ റാസ(36), വാല്ലര്‍(36) എന്നിവരും പൊരുതി.

ഓപ്പണര്‍മാരെക്കൂടാതെ റാസയെയും വാല്ലറെയും പുറത്താക്കി ശ്രീലങ്കയുടെ രംഗന ഹെരാത്താണ് ബൗളര്‍മാരില്‍ മികച്ച് നിന്നത്. അസേല ഗുണരത്നേ 2 വിക്കറ്റും ദില്‍രുവന്‍ പെരേര, ലഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റ് നേടിയെങ്കിലും 72/4 എന്ന നിലയിലേക്ക് തകര്‍ന്ന സിംബാബ്‍വേയ്ക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താനാകാതെ ശ്രീലങ്ക ഹെരാത്തിനെ മാത്രം ആശ്രയിക്കുകയായിരുന്നു.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവീനസ്-മുഗുറുസ ഫൈനൽ 
Next articleതിരുവനന്തപുരത്തെ ക്ലബിന് പേരായി, കേരള എവർഗ്രീൻ എഫ് സി, 18ന് ലോഞ്ച്