ആറ് വിക്കറ്റ് വിജയവുമായി ട്രിന്‍ബാഗോ അപരാജിത യാത്ര തുടരുന്നു

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. മഴയ്ക്ക് ശേഷം 72 റണ്‍സ് ആയി വിജയ ലക്ഷ്യം മാറ്റുകയായിരുന്നു. 9 ഓവറില്‍ നേടേണ്ടിയിരുന്ന ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ എട്ടോവറില്‍ ട്രിന്‍ബാഗോ നേടുകയായിരുന്നു.
17.1 ഓവറില്‍ ടീം 111/6 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ വന്ന് കളി തടസ്സപ്പെടുകയായിരുന്നു. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോള്‍ ട്രിന്‍ബാഗോയുടെ ലക്ഷ്യം 9 ഓവറില്‍ നിന്ന് 72 ആയി പുനഃക്രമീകരിച്ചു.

തുടക്കം പാളിയെങ്കിലും ഡാരെന്‍ ബ്രാവോയും(13 പന്തില്‍ 23 റണ്‍സ്) ടിം സീഫെര്‍ട്ട്(15*) എന്നിവരോടൊപ്പം കോളിന്‍ മണ്‍റോ എട്ട് പന്തില്‍ നേടിയ 17 റണ്‍സുമാണ് ട്രിന്‍ബാഗോയുടെ വിജയം ഉറപ്പാക്കിയത്. സൂക്ക്സിന് വേണ്ടി കെസ്രിക് വില്യംസ് രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന്റെ ബാറ്റിംഗ് നിരാശാജനകമായിരുന്നു. 22 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ മുഹമ്മദ് നബി മാത്രമാണ് ടീമിന് വേണ്ടി തിളങ്ങിയത്. നബി പുറത്താകാതെ നിന്നപ്പോള്‍ നജീബുള്ള സദ്രാന്‍(21), റഖീം കോണ്‍വാല്‍(18), മാര്‍ക്ക് ദേയാല്‍(16) എന്നിവരാണ് ടീമിലെ മറ്റു പ്രധാന സ്കോറര്‍മാര്‍.

ട്രിന്‍ബാഗോയ്ക്ക് വേണ്ടി ഡ്വെയിന്‍ ബ്രാവോ രണ്ടും അലി ഖാന്‍, ഫവദ് അഹമ്മദ്, ഖാരി പിയറി, പ്രവീണ്‍ താംബേ എന്നിവര്‍ ഓരോ വിക്കറ്റ് നേടുകയായിരുന്നു.